രേണുക വേണു|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (09:42 IST)
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തി അലസമായി വിക്കറ്റ് വലിച്ചെറിഞ്ഞ ശ്രേയസ് അയ്യര്‍ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍. ഷോര്‍ട്ട് ബോളില്‍ പുറത്താകുന്ന ശീലം ശ്രേയസ് ആവര്‍ത്തിക്കുകയാണെന്നും സ്വന്തം പരിമിതി തിരുത്താന്‍ ശ്രമിക്കാത്ത താരത്തിനു ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നും ആരാധകര്‍ പറയുന്നു. ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ കളിച്ചിട്ടും ഇതുവരെ ഇന്ത്യക്കായി ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കാന്‍ ശ്രേയസിനു സാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അതിനുള്ള അവസരം ഉണ്ടായിട്ടും ശ്രേയസ് നിരാശപ്പെടുത്തുകയായിരുന്നു.
മധ്യനിരയില്‍ കാണിക്കേണ്ട ഉത്തരവാദിത്തം ശ്രേയസില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ശ്രേയസ് അയ്യര്‍ക്ക് പകരം ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ കൂടി ശ്രേയസ് പരാജയപ്പെട്ടാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇഷാന്‍ കിഷന് അവസരം ലഭിക്കാനാണ് സാധ്യത.
ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് വലിച്ചെറിയുന്ന ശീലം അവസാനിപ്പിച്ചില്ലെങ്കില്‍ അത് ശ്രേയസ് അയ്യരുടെ ക്രിക്കറ്റ് ഭാവിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ രണ്ട് കളികളില്‍ മാത്രമാണ് ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി കളിച്ചത്. ഒരു കളിയില്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ രണ്ടാമത്തെ കളിയില്‍ 47 പന്തില്‍ 47 റണ്‍സ് നേടാന്‍ സാധിച്ചു. ഫ്‌ളാറ്റ് പിച്ചില്‍ ശ്രേയസിനേക്കാള്‍ ഉത്തരവാദിത്തത്തോടെ കളിക്കാന്‍ ഇഷാന്‍ കിഷന് സാധിക്കുമെന്ന് ആരാധകര്‍ പറയുന്നു. മാത്രമല്ല ഇഷാന്‍ പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ ടോപ് ഓര്‍ഡറില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററെ ലഭിക്കുമെന്നും അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ആരാധകര്‍ വിലയിരുത്തുന്നു.
ലോകകപ്പില്‍ ശ്രേയസ് അയ്യരുടെ പ്രകടനം ഇതുവരെ:
മൂന്ന് പന്തില്‍ പൂജ്യം (ഓസ്‌ട്രേലിയ)
23 പന്തില്‍ പുറത്താകാതെ 25 (അഫ്ഗാനിസ്ഥാന്‍)
62 പന്തില്‍ പുറത്താകാതെ 53 (പാക്കിസ്ഥാന്‍)
25 പന്തില്‍ 19 (ബംഗ്ലാദേശ്)
29 പന്തില്‍ 33 (ന്യൂസിലന്‍ഡ്)
16 പന്തില്‍ നാല് (ഇംഗ്ലണ്ട്)