സഞ്ജുവിന്റെ മുന്നില്‍ ജോഷ് 'ലിറ്റില്‍' തന്നെ, അടിച്ച് പറത്തി സാംസണ്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:20 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കാനായില്ലെങ്കിലും മത്സരത്തില്‍ ഏറെ നിര്‍ണായകമായ 40 റണ്‍സാണ് മലയാളിതാരം സഞ്ജു സാംസണ്‍ നേടിയത്. ഇന്ത്യ രണ്ടിന് 34 എന്ന നിലയില്‍ പ്രതിരോധത്തിലേയ്ക്ക് വലിയുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജുവിന്റെ പ്രകടനമാണ് റണ്ണൊഴുക്ക് തടസ്സപ്പെടാതെ മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. മത്സരത്തില്‍ അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ 18 റണ്‍സാണ് താരം അടിച്ചെടുത്തത്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറെ ശ്രദ്ധേയനായ ജോഷ്വാ ലിറ്റില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രധാന പേസറാണ്. ജോഷ്വാ ലിറ്റില്‍ എറിഞ്ഞ പതിനൊന്നാം ഓവറിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. ജോഷ്വാ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയ സഞ്ജു അഞ്ചാം പന്തിലും സിക്‌സര്‍ കണ്ടെത്തി. റുതിരാജിനൊപ്പം നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്ത സഞ്ജു 13അം ഓവറില്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിക്കവെ ബൗള്‍ഡ് ആവുകയായിരുന്നു. 26 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്ങ്‌സ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :