അത് നോ ബോള്‍ തന്നെയാണോ? അംപയര്‍ക്കെതിരെ പരിഹാസവുമായി ഷോയ്ബ് അക്തര്‍

അത് നോ ബോള്‍ ആയിരുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (08:44 IST)

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ പ്രതികരിച്ച് ഷോയ്ബ് അക്തര്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സംഭവം. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസാണ് ഈ ഓവര്‍ എറിഞ്ഞത്. അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനു വഴിവെച്ചത്.

ഈ പന്ത് കോലി സിക്‌സര്‍ പറത്തി. എന്നാല്‍ അപ്പോള്‍ തന്നെ നോ ബോളിന് വേണ്ടി താരം അപ്പീല്‍ ചെയ്തു. അംപയര്‍ അത് നോ ബോള്‍ അനുവദിക്കുകയും ചെയ്തു. ഇതൊരു ഹൈ ഫുള്‍ ടോസ് മാത്രമായിരുന്നില്ലേ എന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍ വാദിച്ചു. നോ ബോള്‍ അനുവദിച്ചതിനെതിരെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അംപയര്‍മാരോട് കയര്‍ക്കുകയും ചെയ്തു. എന്നാല്‍ നോ ബോള്‍ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനിന്നു. ഇത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അത് നോ ബോള്‍ ആയിരുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്. നോ ബോള്‍ ചിത്രം പങ്കുവെച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷോയ്ബ് അക്തറും സമാന അഭിപ്രായം പങ്കുവെച്ചു. അംപയര്‍മാരെ പരിഹസിക്കുന്ന തരത്തിലാണ് അക്തറിന്റെ ട്വീറ്റ്. ഈ രാത്രി നിങ്ങള്‍ക്ക് ചിന്തിക്കാനുള്ളത് എന്ന് പറഞ്ഞാണ് അക്തര്‍ നോ ബോളിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, നോ ബോളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീ ഹിറ്റില്‍ ബൗള്‍ഡ് ആയെങ്കിലും കോലി മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇത് ഇന്ത്യയുടെ വിജയം അനായാസമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :