പ്രതിസന്ധികളിൽ അവൻ വരും പന്തുകൊണ്ടും ബാറ്റ് കൊണ്ടും വിസ്മയം തീർക്കും: വിളിച്ചോളു ലോർഡ് താക്കൂർ

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (12:38 IST)
ഐപിഎല്ലിലെ ആദ്യമത്സരത്തിലെ വമ്പൻ വിജയത്തിൻ്റെ ആത്മവിശ്വാസവുമായെത്തിയ ആർസിബിയെ തകർത്തെറിഞ്ഞാണ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ 12 ഓവറിൽ 89 റൺസിന് അഞ്ച് വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ കൊൽക്കത്തയെ ശാർദൂൽ താക്കൂറും റിങ്കു സിംഗും കൂടിയാണ് കരകയറ്റിയത്.

ആറാം വിക്കറ്റിൽ 103 റൺസാണ് ഈ ജോഡി അടിച്ചെടുത്തത്. ഇതിൽ 29 പന്തിൽ 9 ഫോറും 3 സിക്സറുമടക്കം 68 റൺസുമായി തകർത്തടിച്ച ശാർദൂൽ താക്കൂറിൻ്റെ പ്രകടനമാണ് നിർണായകമായത്. മുൻപും സമാനമായ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് കൊണ്ട് പല മിന്നൽ പ്രകടനങ്ങളും ശാർദൂൽ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ കൊൽക്കത്തയ്ക്ക് വേണ്ടിയും ശാർദ്ദൂൽ നടത്തിയപ്പോൾ 150 കടക്കുമോ എന്ന് സംശയിച്ച കൊൽക്കത്ത സ്കോർ 204ലേക്ക് കടന്നു.

കൊൽക്കത്ത സ്കോർ പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂർ ബാറ്റർമാരെല്ലാം സ്പിന്നർമാർക്ക് മുന്നിൽ പരാജയപ്പെട്ടപ്പോൾ കൊൽക്കത്ത പേസർമാരിൽ ശാർദ്ദൂലിന് മാത്രമാണ് വിക്കറ്റ് നേടാൻ സാധിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :