സ്പിൻ കെണിയിൽ വീണ് ആർസിബി, അരങ്ങേറ്റം ഗംഭീരമാക്കി യുവതാരം

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (10:52 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സ്പിന്നർമാർ ഒരുക്കിയ കെണിയിൽ ബാംഗ്ലൂർ ചെന്ന് ചാടിയപ്പോൾ ഒന്ന് പൊരുതാൻ പോലുമാകാതെയാണ് പേരുകേട്ട ബാംഗ്ലൂർ ബാറ്റിംഗ് നിര തകർന്നടിഞ്ഞത്. സീസണിലെ കൊൽക്കത്തയുടെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തപ്പോൾ ബാംഗ്ലൂരിൻ്റെ പോരാട്ടം 123 റൺസിൽ അവസാനിച്ചു. സ്പിന്നർമാരായ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ ഇമ്പാക്ട് പ്ലെയറായെത്തി ആദ്യ ഐപിഎൽ മത്സരത്തിൽ കളിക്കാനിറങ്ങിയ സുയഷ് ശർമ എന്നിവരാണ് ആർസിബിയുടെ ഒൻപത് വിക്കറ്റുകൾ സ്വന്തമാക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാർദൂൽ ഠാക്കൂറിനാണ്.

205 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് കോലിയും നായകൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിലെത്തിയ സുനിൽ നരെയ്ൻ കോലിയെ ബൗൾഡാക്കിയതോടെ ബാംഗ്ലൂരിൻ്റെ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമായി. പിന്നാലെ ഫാഫ് ഡുപ്ലെസിസും വീണതോടെ ബാംഗ്ലൂരിൻ്റെ തകർച്ച വേഗത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുയഷ് ദിനേഷ് കാർത്തിക്,അനുജ് റാവത്ത്,കരൺ ശർമ എന്നിവരെ മടക്കി. അവസാന വിക്കറ്റിൽ ഡേവിഡ് വില്ലിയും ആകാശ് ദീപും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ബാംഗ്ലൂരിൻ്റെ പോരാട്ടം 123 റൺസിൽ അവസാനിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :