അഞ്ച് വിക്കറ്റ് നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനം സ്വര്‍ഗത്തിലിരിക്കുന്ന എന്റെ അച്ഛന് വേണ്ടി; വൈകാരികമായി ഷമി

രേണുക വേണു| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:54 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ ശേഷം നടത്തിയ ആഹ്ലാദപ്രകടനം തന്റെ പിതാവിന് വേണ്ടിയാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. സെഞ്ചൂറിയനില്‍ 44 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. അഞ്ചാം വിക്കറ്റ് ഷമിയുടെ ടെസ്റ്റ് കരിയറിലെ 200-ാം വിക്കറ്റ് കൂടിയായിരുന്നു. ടെസ്റ്റില്‍ ഷമിയുടെ ആറാം അഞ്ച് വിക്കറ്റ് നേട്ടമാണ് സെഞ്ചൂറിയനിലേത്.

അഞ്ച് വിക്കറ്റ് നേടിയ ശേഷം കൈവിരലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയാണ് ഷമി സന്തോഷം പ്രകടിപ്പിച്ചത്. ഇങ്ങനെ ആഘോഷിക്കാന്‍ ഒരു കാരണമുണ്ടെന്ന് ഷമി പറയുന്നു. ' അത് എന്റെ പിതാവിന് വേണ്ടി പ്രത്യേകം ഉള്ളതാണ്. അദ്ദേഹം 2017 ല്‍ മരിച്ചു. ഞാന്‍ ജനിച്ച അന്ന് മുതല്‍ എന്നെ പിന്തുണയ്ക്കുന്നത് അദ്ദേഹമാണ്. ഈ ആഘോഷ പ്രകടനം അച്ഛന് സമര്‍പ്പിക്കുന്നു,' ഷമി പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 2017 ല്‍ ഷമിയുടെ പിതാവ് തൗസിഫ് അലി മരണത്തിനു കീഴടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :