ഇനിയൊരു അങ്കത്തിനില്ല; പൊട്ടിത്തെറിക്കാതെ ബും ബും കളമൊഴിയുന്നു!

ലോകകപ്പ് സെമി സാധ്യതകള്‍ അവസാനിച്ചെന്ന് അഫ്രീദി

ഷാഹിദ് അഫ്രീദി , പാകിസ്ഥാന്‍ ക്രിക്കറ്റ് , ട്വന്റി- 20 ലോകകപ്പ് , ക്രിക്കറ്റ്
മൊഹാലി| jibin| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (15:57 IST)
ഓസ്‌ട്രേലിയക്കെതിരായ അടുത്തമത്സരം ചിലപ്പോള്‍ തന്റെ കരിയറിലെ അവസാന മത്സരമാകുമെന്ന് പാകിസ്ഥാന്‍ ട്വന്റി- 20 നായകന്‍ ഷാഹിദ് അഫ്രീദി. ന്യൂസിലന്‍ഡിനോട് തോല്‍‌വി ഏറ്റുവാങ്ങിയശേഷം നടന്ന പത്രസമ്മേളനത്തിലാണ് പാക് നായകന്‍ ഈ കാര്യം പറഞ്ഞത്. ഇന്ത്യന്‍ ആരാധകരെ പുകഴ്‌ത്തി പുലിവാലു പിടിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെയും കിവികള്‍‌ക്കെതിരെയും പരാജയം രുചിച്ചതാണ് അദ്ദേഹത്തിന് വിനയായത്.

തുടര്‍ച്ചയയായി രണ്ട് മത്സരങ്ങള്‍ തോറ്റതോടെ ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ചിരിക്കുകയാണെന്നും ആദ്യം നന്നായി ബാറ്റ് ചെയ്‌തെങ്കിലും പിന്നീട് പരാജയപ്പെട്ടുപോയെന്നാണ് അഫ്രീദി പറഞ്ഞത്. ലോകകപ്പ് സെമി സാധ്യതകള്‍ അവസാനിച്ചെങ്കിലും ഓസീസിനെതിരെ വിജയം പിടിച്ചടക്കി വിരമിക്കലിലെങ്കിലും ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഫ്രീദിയുടെ ആരാധകര്‍. അതേസമയം, അദ്ദേഹത്തിന്റെ വിടവാങ്ങലിനായി പാകിസ്ഥാനിലെങ്ങും വലിയ മുറവിളികള്‍ ഉയരുകയാണ്.

ഇന്ത്യയേയും ഇവിടുത്തെ ആരാധകരെയും പുകഴ്‌ത്തിയതിന് പിന്നാലെ ഇന്ത്യയോട് തോല്‍‌വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഷാഹിദ് അഫ്രീദിയെ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ട്വന്റി-20 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

വിരമിക്കാന്‍ തയാറായില്ലെങ്കി അഫ്രീദിയെ ടീമില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് പിസിബി തീരുമാനിക്കും. വിരമിക്കുമെന്നാണ് ലോകകപ്പിന് മുമ്പേ അദ്ദേഹം അറിയിച്ചിരിക്കുന്നത്. നായകനു പുറമേ പരിശീലകനായ വഖാര്‍ യൂനിസിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. പുതിയ പാക് ക്യാപ്‌റ്റന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷഹര്യാര്‍ ഖാന്‍ സൂചന നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :