രേണുക വേണു|
Last Modified വെള്ളി, 8 ഏപ്രില്‍ 2022 (20:13 IST)
മദ്യപിച്ച് ലക്കുകെട്ട് തന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ഇടാന്‍ നോക്കിയ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് യുസ്വേന്ദ്ര ചഹലിനോട് വിരേന്ദര്‍ സെവാഗ്. 2013 ല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുമ്പോള്‍ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് നേരത്തെ ചഹല്‍ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് സെവാഗിന്റെ പ്രതികരണം.
'മദ്യപിച്ച ശേഷം ചഹലിനോട് ഇങ്ങനെ പെരുമാറിയ ആ താരം ആണെന്ന് വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചഹല്‍ പറഞ്ഞത് സത്യമാണെങ്കില്‍ ഇതൊരു തമാശയായി കാണാന്‍ പറ്റുന്ന കാര്യമല്ല. എന്താണ് സംഭവിച്ചതെന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എന്ത് നടപടിയെടുത്തെന്നും അറിയേണ്ടതുണ്ട്' സെവാഗ് പറഞ്ഞു.
ചഹലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
2013 ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ചഹല്‍. ആ സമയത്ത് സഹതാരത്തില്‍ നിന്ന് ഉണ്ടായ ഭയാനകമായ അനുഭവമാണ് ചഹല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയത്. രാജസ്ഥാന്‍ താരം രവിചന്ദ്രന്‍ അശ്വിനുമായുള്ള വീഡിയോയിലാണ് വെളിപ്പെടുത്തല്‍.
ഗെറ്റ് ടുഗെദര്‍ നടക്കുന്ന സമയത്ത് മുംബൈ ഇന്ത്യന്‍സ് ടീമിലെ സഹതാരം തന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കിയെന്നാണ് ചഹല്‍ പറയുന്നത്. ആ താരം മദ്യപിച്ച് ലക്കുകെട്ടിട്ടുണ്ടായിരുന്നെന്നും ചഹല്‍ പറഞ്ഞു.
' ഞാന്‍ ഈ സംഭവം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. ഇന്ന് മുതല്‍ എല്ലാവരും ഇത് അറിയും. ഞാന്‍ ആരോടും പങ്കുവയ്ക്കാത്ത കാര്യമാണ്. 2013 ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോഴാണ് സംഭവം. അന്ന് ഒരു കളിക്ക് വേണ്ടി ഞങ്ങള്‍ ബാംഗ്ലൂരിലായിരുന്നു. കളിക്ക് ശേഷം ഒരു ഗെറ്റ്-ടുഗെദര്‍ ഉണ്ടായിരുന്നു. മദ്യപിച്ചു ലക്കുകെട്ട ഒരു സഹതാരമുണ്ടായിരുന്നു, അയാളുടെ പേര് ഞാന്‍ പറയുന്നില്ല. അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. കുറേ നേരമായി എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് പുറത്തേക്ക് കൊണ്ടുപോയി. ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഇടുന്ന പോലെ പിടിച്ചു,' ചഹല്‍ പറഞ്ഞു.
' ഞാന്‍ എന്റെ കൈകള്‍ കൊണ്ട് അയാളെ വട്ടംപിടിച്ചിരുന്നു. ഇതുപോലെ കഴുത്തില്‍. പിടി നഷ്ടപ്പെട്ടാല്‍ ഞാന്‍ 15 നില താഴേക്ക് പതിക്കും. പെട്ടന്ന് ഇതുകണ്ട് എല്ലാവരും അങ്ങോട്ട് വന്നു. ഞാന്‍ ആകെ ഭയപ്പെട്ടു പോയിരുന്നു. അവര്‍ എനിക്ക് കുടിക്കാന്‍ വെള്ളം തന്നു. എവിടെയെങ്കിലും പോകുമ്പോള്‍ എത്രത്തോളം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണമെന്ന് അന്ന് എനിക്ക് മനസ്സിലായി. തലനാരിഴയ്ക്ക് ഞാന്‍ രക്ഷപ്പെട്ട സംഭവമാണ് ഇത്. എന്തെങ്കിലും ഒരു പാളിച്ച സംഭവിച്ചാല്‍ ഞാന്‍ ഉറപ്പായും താഴേക്ക് വീണേനെ,' ചഹല്‍ വെളിപ്പെടുത്തി.