അഭിറാം മനോഹർ|
Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (18:15 IST)
2023ല്‍ മറ്റൊരു ഏകദിന ലോകകപ്പിനടുത്താണ് നമ്മള്‍. ഏകദിന ക്രിക്കറ്റിന് പണ്ടത്തെ പോലെ ജനപ്രീതിയില്ലെങ്കിലും ലോകകപ്പുകള്‍ പണ്ട് മുതല്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വികാരമാണ്. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷം മറ്റൊരു ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇത്തവണയും കിരീടനേട്ടം
ഇന്ത്യ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പ് ആവേശത്തിനിടയില്‍ നമുക്ക് 2011ന്റെ ലോകകപ്പില്‍ നടന്ന രസകരമായ ഒരു സംഭവത്തെ പറ്റി കേള്‍ക്കാം.
2011 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ വിരേന്ദര്‍ സെവാഗ് കളിക്കാനിറങ്ങില്ലെന്ന വ്യക്തമാക്കിയ സംഭവം അന്ന് ടീമില്‍ ഉണ്ടായിരുന്ന സ്പിന്‍ താരമായ രവിചന്ദ്ര അശ്വിനാണ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ഓരോ മത്സരത്തിന് ശേഷവും ടീം മീറ്റിംഗ് അന്ന് പതിവായിരുന്നു. ഈ ടീം മീറ്റിംഗുകളില്‍ ഒട്ടും താത്പര്യമില്ലാതിരുന്ന വ്യക്തി സെവാഗാണെന്ന് അശ്വിന്‍ പറയുന്നു.ടീം എന്ത് തീരുമാനിച്ചാലും സെവാഗിന്റെ ശൈലി ലളിതമായിരുന്നു. പറ്റുമെങ്കില്‍ എല്ലാ ബോളും ആക്രമിച്ച് കളിക്കുക. അതിനാല്‍ തന്നെ മീറ്റിംഗുകളില്‍ സെവാഗ് പ്രാധാന്യം കൊടുത്തിരുന്നില്ല.
എന്നാല്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് അന്നത്തെ കോച്ചായ ഗാരി കേസ്റ്റണ്‍ ഒരു ടീം മീറ്റിംഗ് സംഘടിപ്പിച്ചു. സാധാരണയായി 2 മിനിറ്റ് മാത്രമെ ഈ മീറ്റിംഗ് നീണ്ടുനില്‍ക്കാറുള്ളു. ഗാരി കേസ്റ്റണ്‍ കാര്യങ്ങള്‍ പറയും എന്തെങ്കിലും ചേര്‍ക്കാനുണ്ടോ എന്ന ചോദ്യത്തിന് എം എസ് ധോനി ഇല്ലെന്ന് പറയുന്നു മീറ്റിംഗ് കഴിയുന്നു. എന്നാല്‍ അന്ന് ഗാരി ലോകകപ്പിലെ ഇന്ത്യയുടെ മിഷനെ പറ്റി ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചു. പ്രസന്റേഷന്‍ തീര്‍ന്നതും ധാക്കയിലെ മനോഹരമായ മത്സരമായിരുന്നു സെവാഗ് 2 വാക്ക് സംസാരിക്കുമെന്ന് പറഞ്ഞു.
മീറ്റിംഗിന് മുന്‍പ് തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് സെവാഗ് പറഞ്ഞിരുന്നെങ്കിലും അക്കാര്യമെല്ലാം സെവാഗ് മറന്നിരുന്നു. ഗെയിമിനെ പറ്റി എന്തെങ്കിലും സെവാഗ് പറയുമെന്നാണ് ഗാരി വിചാരിച്ചത് എന്നാല്‍ ഓരോ കളിക്കാര്‍ക്കും 6 കോമ്പ്‌ലിമെന്ററി പാസുകളാണ് കിട്ടേണ്ടതെന്നും എന്നാല്‍ മൂന്നെണ്ണം മാത്രമാണ് കിട്ടുന്നതെന്നുമായിരുന്നു സെവാഗിന് പറയാനുണ്ടായിരുന്നത്. അടുത്ത മത്സരത്തില്‍ ടോസ് ഇടുന്നതിന് മുന്‍പ് 6 കോമ്പ്‌ലിമെന്ററി പാസുകള്‍ കിട്ടിയിരിക്കണം. അതല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ കളിക്കാനിറങ്ങില്ലെന്നായി സെവാഗ്. എന്റെ 2 പാസുകള്‍ വേണമെങ്കില്‍ നീ എടുത്തോളു എന്നായി ഗാരി.ഗാരി നിങ്ങള്‍ക്ക് 4 പാസ് കിട്ടേണ്ടതാണ് 2 എണ്ണമെ കിട്ടുന്നുള്ളു എന്ന് സെവാഗ്. അങ്ങനെ ആ മീറ്റിംഗ് 20 മിനിറ്റ് നീണ്ടുനില്‍ക്കുകയും ടീം മാനേജ്‌മെന്റില്‍ ചര്‍ച്ചയാവുകയും ചെയ്തു. അശ്വിന്‍ പറഞ്ഞു.