ടി20യിൽ ഓപ്പണറായി കിഷൻ നടത്തുന്നത് ഫ്രോഡ് പരിപാടി, ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലാത്ത ശൈലി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (11:00 IST)
രോഹിത് ശര്‍മയും വിരാട് കോലിയും ക്രിക്കറ്റില്‍ നിന്നും മാറിനിന്നതോടെയാണ് യുവതാരങ്ങള്‍ക്ക് കുട്ടിക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടീമിലെ ഓപ്പണിംഗ് താരവുമായ ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം ഉറപ്പിച്ചത് ഇങ്ങനെയാണ്. ഏകദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശുമ്പോഴും ടി20യില്‍ അത്ര മികച്ച പ്രകടനമല്ല ഓപ്പണര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ നടത്തുന്നത്.

ഓപ്പണിംഗ് സ്ഥാനത്ത് ആദ്യ പവര്‍പ്ലേയില്‍ എത്രയധികം റണ്‍സ് നേടാമോ അത് സ്വന്തമാക്കാന്‍ ശ്രമിക്കുക എന്ന രീതിയിലേക്ക് മറ്റ് ടീമുകള്‍ ശൈലി മാറ്റുമ്പോള്‍ പവര്‍പ്ലേയില്‍ ഏറെ ഞെരുങ്ങിയാണ് ഇഷാന്‍ കിഷന്‍ ബാറ്റ് ചെയ്യുന്നത്. ഇതോടെ ഫീല്‍ഡ് നിയന്ത്രണങ്ങളുള്ള ആദ്യത്തെ 6 ഓവറുകള്‍ മുതലെടുക്കുന്നതില്‍ ടീം പരാജയപ്പെടുന്നു. 300 പന്തുകള്‍ നേരിട്ട താരങ്ങളിലെ ഏറ്റവും മോശം രണ്ടാമത്തെ പവര്‍പ്ലേ സ്ട്രൈക്ക്‌റേറ്റ് ഇഷാന്‍ കിഷന്റെ പേരിനൊപ്പമാണ്. പവര്‍ പ്ലേ ഓവറുകളില്‍ വെറും 110.23 സ്ട്രൈക്ക്‌റേറ്റിലാണ് ഇഷാന്‍ ബാറ്റ് വീശുന്നത്. 102.7 സ്ട്രൈക്ക്‌റേറ്റുള്ള ശ്രീലങ്കയുടെ പാതും നിസങ്ക മാത്രമാണ് ഇഷാന് പിന്നിലുള്ളത്.

അതേസമയം ടി20യില്‍ റണ്‍സ് കണ്ടെത്തുമ്പോഴും പവര്‍പ്ലേ ഓവറുകളില്‍ മോശം സ്ട്രൈക്ക്‌ റേറ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ പോലും ഇഷാനേക്കാള്‍ വേഗത്തിലാണ് റണ്‍സ് നേടുന്നത്. 114.5 ആണ് പവര്‍പ്ലേയിലെ താരത്തിന്റെ സ്ട്രൈക്ക്‌റേറ്റ്. രാജ്യാന്തര ടി20 കരിയറില്‍ ആകെ കളിച്ച 28 ഇന്നിങ്ങ്‌സുകളില്‍ നിന്നും 4 അര്‍ധസെഞ്ചുറികളുടെ സഹായത്തോടെ 659 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. 24.41 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക്‌ റേറ്റാകട്ടെ 121.8 മാത്രവും. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ 9 പന്തില്‍ നിന്നും 6 റണ്‍സാണ് താരം നേടിയത്. ടീമില്‍ വിക്കറ്റ് കീപ്പര്‍ താരമായി സഞ്ജു സാംസണ്‍ ഉണ്ടെന്നുള്ളതും ഓപ്പണിംഗ് റോളില്‍ യുവതാരമായ യശ്വസി ജയ്‌സ്വാള്‍ അവസരം കാത്തിരിക്കുന്നുണ്ട് എന്നതും ഭാവിയില്‍ ടി20 ഫോര്‍മാറ്റില്‍ താരത്തിന് വെല്ലുവിളികളാണ്. ടി20 ശൈലിയിലേക്ക് ഇഷാന്‍ മാറുന്നില്ലെങ്കില്‍ അത് താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ സാധ്യതകളെ തന്നെ ഇല്ലാതെയാക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :