അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജനുവരി 2026 (12:13 IST)
വനിതാ പ്രീമിയര്‍ ലീഗ് (WPL) 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് നിര്‍ണായക വിജയം. ജനുവരി 26-ന് വഡോദരയില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വനിതകളെ 15 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നാറ്റ് സ്‌കിവര്‍-ബ്രണ്ടിന്റെ സെഞ്ചുറി പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് തുണയായത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് സ്‌കിവര്‍ ബ്രണ്ടിന്റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.
57 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയ സ്‌കിവര്‍ ബ്രണ്ട് ഡബ്യുപിഎല്‍ ചരിത്രത്തിലെ ആദ്യ സെഞ്ചുറി തന്റെ പേരില്‍ എഴുതിചേര്‍ത്തു.അക്രമണവും നിയന്ത്രണവും ഒരുപോലെ സംയോജിപ്പിച്ച മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സിലൂടെയായിരുന്നു താരത്തിന്റെ സെഞ്ചുറി. ഓപപ്ണര്‍ ഹെയ്ലി മാത്യൂസ് 56 റണ്‍സുമായി സ്‌കിവര്‍ ബ്രണ്ടിന് മികച്ച പിന്തുണ നല്‍കി.
200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ 35/5 എന്ന നിലയില്‍ തകര്‍ന്ന ആര്‍സിബിയെ റിച്ച ഘോഷ്, നതാന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കെ 20 പന്തില്‍ 28 റണ്‍സെടുത്ത ഡിക്ലെര്‍ക്കിനെ നഷ്ടമായെങ്കിലും അരുന്ധതി റെഡ്ഡിയെ കൂട്ടുപിടിച്ച് റിച്ച ഘോഷ് റണ്‍സ് ഉയര്‍ത്തി.അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും 50 പന്തില്‍ 90 റണ്‍സുമായി വമ്പന്‍ പ്രകടനം നടത്തിയ റിച്ച ഘോഷിന് ആര്‍സിബിയെ വിജയത്തിലെത്തിക്കാനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ ആര്‍സിബി പോരാട്ടം അവസാനിക്കുകയായിരുന്നു. 50 പന്തില്‍ 10 ബൗണ്ടറിയും 6 സിക്‌സും സഹിതം 90 റണ്‍സാണ് റിച്ച ഘോഷ് മത്സരത്തില്‍ നേടിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നേറ്റം നടത്താനായി. പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിര്‍ത്താനും മുംബൈയ്ക്ക് സാധിച്ചു.