Sanju Samson: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവില്ല, അതിനര്‍ത്ഥം ലോകകപ്പ് കളിക്കും ! ആവേശത്തില്‍ ആരാധകര്‍

ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക

രേണുക വേണു| Last Modified ശനി, 15 ജൂലൈ 2023 (09:55 IST)

Sanju Samson: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഞ്ജു ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയക്കുന്നത്. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങളൊന്നും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉണ്ടാകില്ലെന്ന് ബിസിസിഐ നേരത്തെ സൂചന നല്‍കിയിരിക്കുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ല. അതിനര്‍ത്ഥം സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും എന്നാണ്.

ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക. ഇത്തവണ ഇന്ത്യയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ്. അതുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലേക്ക് ബി ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സഞ്ജുവിനെ ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഉറപ്പായി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഏകദിന ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുന്നത്. അതില്‍ തന്നെ മധ്യനിരയില്‍ മികവ് പുലര്‍ത്തിയിട്ടുള്ള സഞ്ജുവിനെയാണ് പ്രധാന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇഷാന്‍ കിഷനും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് ലോകകപ്പ് മുന്നില്‍ കണ്ടാണ്. ഏഷ്യാ കപ്പിലും സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകും. ഈ അവസരങ്ങളില്‍ സഞ്ജുവിന് മികവ് പുലര്‍ത്താനായാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :