Sanju Samson: 2022ൽ റിഷഭ് പന്തിനേക്കാളും ദിനേഷ് കാർത്തിക്കിനേക്കാളും മികച്ച പ്രകടനം നടത്തിയത് സഞ്ജു, പക്ഷേ..

അഭിറാം മനോഹർ| Last Updated: ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:38 IST)
ഒക്ടോബർ- നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏഷ്യാകപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണിന് വിളിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മലയാളി താരം ഇത്തവണയും ടീമിൽ നിന്നും തഴയപ്പെട്ടു.

സമീപകാലപ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ നിലവിൽ ടീമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാരേക്കാൾ മികച്ച പ്രകടനമാണ് സഞ്ജു 2022ൽ പുറത്തെടുത്തത്. ഫിനിഷർ റോളിൽ ഇറങ്ങുന്ന ദിനേഷ് കാർത്തിക്കിനേക്കാളും ഇനിയും ടി20യിൽ മികവ് തെളിയിക്കാൻ കഴിയാത്ത റിഷഭ് പന്തിനേക്കാളും മികച്ച സ്റ്റാറ്റിസ്റ്റിക്സ് സഞ്ജുവിനാണ്.

ടീമിലെ ഒന്നാം ഓപ്ഷനായ റിഷഭ് പന്ത് 2022ൽ 134.1 പ്രഹരശേഷിയിൽ 291 റൺസാണ് നേടിയത്. 24.25 ബാറ്റിങ് ശരാശരിയിലാണ് പന്തിൻ്റെ പ്രകടനം. ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ ഓപ്ഷനായും സ്പെഷ്യലിസ്റ്റ് ഫിനിഷറായും കണക്കാക്കുന്ന ദിനേഷ് കാർത്തിക് 2022ൽ നേടിയത് 193 റൻസാണ്. എന്നാൽ പ്രഹരശേഷിയിൽ പന്തിനും താഴെ 133.3 ൽ ആണ് കാർത്തിക് റൺസ് കണ്ടെത്തുന്നത്.

ടീമിലിടം നേടാത്ത എന്നാൽ കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇഷാൻ കിഷൻ 2022ൽ 30.7 ശരാശരിയിൽ 430 റൺസാണ് നേടിയത്. 130 എന്ന പ്രഹരശേഷിയിലാണ് കിഷൻ്റെ പ്രകടനം. മലയാളി താരമായ സഞ്ജുവാണ് പ്രഹരശേഷിയിലും ബാറ്റിങ് ശരാശരിയിലും മറ്റ് താരങ്ങളേക്കാൾ മുന്നിലുള്ളത്. 158.4 പ്രഹരശേഷിയിൽ 179 റൺസാണ് സഞ്ജു ഈ വർഷം നേടിയത്. 44.75 എന്ന മികച്ച ശരാശരിയിലാണ് സഞ്ജുവിൻ്റെ റൺനേട്ടം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :