സഞ്ജുവിന് ലോകകപ്പ് കളിക്കണമെങ്കില്‍ ഈ കടമ്പ കടക്കണം ! ഇല്ലെങ്കില്‍ നറുക്ക് ഇഷാന്

രേണുക വേണു| Last Modified ശനി, 24 ജൂണ്‍ 2023 (10:26 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച സഞ്ജു സാംസണെ കാത്തിരിക്കുന്നത് ഏകദിന ലോകകപ്പ് ടീമിലേക്കുള്ള വിളി. മൂന്ന് മത്സരങ്ങളുള്ള തിളങ്ങിയാല്‍ സഞ്ജു ഉറപ്പായും ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടും. എന്നാല്‍ അതിനു മുന്‍പ് വലിയൊരു കടമ്പയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

ലോകകപ്പ് ആകുമ്പോഴേക്കും റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. പന്തിന്റെ അഭാവത്തില്‍ കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ലോകകപ്പ് സ്‌ക്വാഡിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിച്ചിരുന്നത്. ഇതില്‍ ഇഷാനെ വെട്ടി മുന്നിലേക്ക് എത്തുകയെന്ന കടമ്പയാണ് ഇപ്പോള്‍ സഞ്ജുവിന് മുന്നിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇഷാന്‍ കിഷനും അംഗമാണ്. സഞ്ജുവാണോ ഇഷാനാണോ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ആദ്യ അഞ്ച് വിക്കറ്റുകളില്‍ ഇന്ത്യക്ക് ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണം എന്ന് തീരുമാനിച്ചാല്‍ ഇഷാന്‍ ടീമില്‍ ഇടം നേടും. ആദ്യ അഞ്ചില്‍ ഇഷാന്‍ അല്ലാതെ മറ്റൊരു ഇടംകയ്യന്‍ ബാറ്റര്‍ ഇന്ത്യക്കില്ല. എന്നാല്‍ ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനോട് സെലക്ടര്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി സ്ഥാനം ഉറപ്പിച്ച സ്ഥിതിക്ക് നാലോ അഞ്ചോ നമ്പറില്‍ ഇഷാന്‍ കിഷനെ ഇറക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇവിടെയാണ് സഞ്ജുവിന് സാധ്യതകള്‍ തെളിയുന്നത്.

കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷനേക്കാള്‍ ഒരുപടി മുന്നിലാണ് സഞ്ജു. മാത്രമല്ല മധ്യനിര ബാറ്റര്‍ കൂടിയാണ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ശേഷം അഞ്ചാമനായി ക്രീസിലെത്താന്‍ സഞ്ജുവിന് സാധിക്കുകയും ചെയ്യും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ സഞ്ജുവിനെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കും. ഏഷ്യാ കപ്പിലും തിളങ്ങാനായാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ലോകകപ്പ് ടീമിലെ സ്ഥാനമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :