ടീമിനെതിരായ തുറന്നുപറച്ചിലുകള്‍ വിനയായി; രവിചന്ദ്രന്‍ അശ്വിനെ തഴഞ്ഞ് ബിസിസിഐ

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിലെ അസ്വാരസ്യങ്ങളെ കുറിച്ച് അശ്വിന്‍ തുറന്നുപറഞ്ഞിരുന്നു

രേണുക വേണു| Last Modified ശനി, 24 ജൂണ്‍ 2023 (09:19 IST)

ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകസ്ഥാനത്തേക്ക് രവിചന്ദ്രന്‍ അശ്വിനെ പരിഗണിക്കാതെ ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അജിങ്ക്യ രഹാനെയെയാണ് രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയായി നിയോഗിച്ചിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഉത്തരവാദിത്തമാണ് ബിസിസിഐ രഹാനെയ്ക്ക് നല്‍കിയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിലെ അസ്വാരസ്യങ്ങളെ കുറിച്ച് അശ്വിന്‍ തുറന്നുപറഞ്ഞിരുന്നു. ഇക്കാരണത്താലാണ് ബിസിസിഐ അശ്വിനെ തഴഞ്ഞതെന്നാണ് സൂചന. രോഹിത് ശര്‍മയ്ക്ക് ശേഷം ടെസ്റ്റ് നായകനാകാനുള്ള അശ്വിന്റെ സാധ്യതകളാണ് ഇതോടെ അസ്തമിക്കുന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്ലേയിങ് ഇലവനില്‍ പോലും അശ്വിന് സ്ഥാനം ലഭിച്ചിരുന്നില്ല. ഇതില്‍ അശ്വിന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ സുഹൃത്തുക്കളില്ല, സഹതാരങ്ങള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ എന്നും അശ്വിന്‍ പറഞ്ഞത് വലിയ വിവാദമായി. ഇതെല്ലാം ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

ആരായിരിക്കണം രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി എന്ന ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നുവന്ന രണ്ട് പേരുകള്‍ അജിങ്ക്യ രഹാനെയും രവിചന്ദ്രന്‍ അശ്വിനുമാണ്. ടെസ്റ്റ് ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അശ്വിന് ഇത്തവണ അവസരം ലഭിക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അശ്വിനേക്കാള്‍ ഈ സ്ഥാനത്തിനു യോഗ്യന്‍ രഹാനെയാണെന്ന് ബിസിസിഐ തീരുമാനിച്ചു. രോഹിത് ടെസ്റ്റ് നായകസ്ഥാനം ഉടന്‍ ഒഴിയാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പകരക്കാരനായി രഹാനെ തന്നെ നായകസ്ഥാനത്ത് എത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :