രേണുക വേണു|
Last Modified ശനി, 24 ജൂണ്‍ 2023 (09:49 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഒരു സൂചനയാണ്. ടീമില്‍ തലമുറ മാറ്റം നടപ്പിലാക്കാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന മൂന്ന് സീനിയര്‍ താരങ്ങളെയാണ് ബിസിസിഐ തഴഞ്ഞിരിക്കുന്നത്. ഇവരൊന്നും ഇനി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
1. ചേതേശ്വര്‍ പുജാര
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ചേതേശ്വര്‍ പുജാര. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തന്‍. പുജാര ഇനി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കില്ല. അതിന്റെ സൂചനയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇടം നല്‍കാതിരുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനമാണ് പുജാരയ്ക്ക് തിരിച്ചടിയായത്. അതിനു മുന്‍പ് തന്നെ പുജാര ബിസിസിഐയുടെ നിരീക്ഷണ വലയത്തില്‍ ആയിരുന്നു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും നിറം മങ്ങിയാല്‍ പുജാരയെ ടെസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐയെ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പുജാര 176 ഇന്നിങ്‌സുകളില്‍ നിന്ന് 43.61 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. 206 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മൂന്ന് തവണ ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്.
മുഹമ്മദ് ഷമി
മുഹമ്മദ് ഷമിയും ഇന്ത്യക്ക് വേണ്ടി ഇനി ടെസ്റ്റ് കളിക്കില്ല. ഏകദിനത്തില്‍ മാത്രമാകും ഷമി ഇന്ത്യന്‍ കുപ്പായമണിയുക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഷമിക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. മുകേഷ് കുമാറിനെയാണ് ബുംറയ്ക്ക് പകരക്കാരനായി ബിസിസിഐ പരിഗണിക്കുന്നത്. 64 ടെസ്റ്റ് മത്സരങ്ങള്‍ ഷമി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 229 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം.
ഉമേഷ് യാദവ്
ഉമേഷ് യാദവിന്റെ ടെസ്റ്റ് കരിയറിനും അന്ത്യം കുറിക്കുകയാണ്. ഒരു ഫോര്‍മാറ്റിലും ഇന്ത്യ ഇനി ഉമേഷ് യാദവിനെ പരിഗണിക്കില്ല. ടെസ്റ്റില്‍ 57 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് ഉമേഷ് യാദവ്.