ടി20യിൽ ക്ലാസ് തെളിയിക്കാൻ സമയമെടുത്തു, പക്ഷേ ഏകദിനത്തിൽ സഞ്ജു സൂപ്പർ സ്റ്റാർ: കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (08:53 IST)
2015ൽ തൻ്റെ ഇരുപതാം വയസിൽ ഹരാരെയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് സഞ്ജു തൻ്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. ഐപിഎല്ലിലെ മാസ്മരിക ഇന്നിങ്ങ്സുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സഞ്ജുവിൻ്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റും നോക്കികണ്ടത്. എന്നാൽ തൻ്റെ ആദ്യ ടി20യിൽ 19 റൺസിന് താരം പുറത്തായി.

പിന്നീട് നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിലെ മികച്ചപ്രകടനങ്ങളിലൂടെ സഞ്ജു ഇന്ത്യയുടെ ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടുന്നത്. റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഇഷാൻ കിഷൻ എന്നീ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ ടീമിൽ ഉള്ളതിനാൽ തന്നെ ടി20 ടീമിൽ തൻ്റെ സ്ഥാനം സഞ്ജു ഇതുവരെ ഉറപ്പിച്ചിട്ടില്ല. എന്നാൽ ഏകദിനക്രിക്കറ്റിൽ സഞ്ജുവിൻ്റെ സ്ഥിതി വ്യത്യസ്തമാണ്.

ടി20യിലെ പോലെ ഏകദിനത്തിലും സഞ്ജു ഇന്ത്യയുടെ ഫസ്റ്റ് ടീമിൻ്റെ ഭാഗമല്ല. എങ്കിലും ടി20യിൽ നിന്നും വ്യത്യസ്തമാണ് ഏകദിനത്തിലെ സഞ്ജുവിൻ്റെ പ്രകടനം.ഇന്ത്യയ്ക്കായി 16 ടി20 മത്സരങ്ങൾ സഞ്ജു കളിച്ചപ്പോൾ 21.14 ശരാശരിയിൽ 296 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അയർലൻഡിനെതിരെ നേടിയ 77 റൺസാണ് ഹൈസ്കോർ.

എന്നാൽ ഏകദിനത്തിലേയ്ക്ക് വരുമ്പോൾ 6 മത്സരങ്ങളാണ് സഞ്ജു ഇന്ത്യക്കായി കളിച്ചത്. 5 ഇന്നിങ്ങ്സുകളിൽ നിന്നും 53.67 ശരാശരിയിൽ 161 റൺസാണ് താരം ഇതിനകം നേടിയത്. 54 റൺസാണ് ഏകദിനത്തിലെ താരത്തിൻ്റെ ഉയർന്ന സ്കോർ. ഇന്നലെ സിംബാബ്‌വെയ്ക്കെതിരെ പുറത്താവാതെ 43 റൺസ് നേടാനും താരത്തിനായി.

അതേസമയം ഈ വർഷത്തെ പ്രകടനം മാത്രം കണക്കിലെടുത്താൽ ഈ വർഷം ടി20യിൽ സഞ്ജു ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിൽ 39,18 എന്നിങ്ങനെ സ്കോർ ചെയ്തു. അയർലൻഡിനെതിരെ 77 റൺസ് പിന്നീട് വിൻഡീസിനെതിരെ 30*,15. ഈ വർഷം ടി20യിൽ 44.75 ശരാശരിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :