സഞ്ജുവിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ല, പ്രശ്‌നം ഫിറ്റ്‌നെസും സ്ഥിരതയില്ലായ്മയും; മലയാളി താരത്തിന് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാതിരിക്കാനുള്ള കാരണം ഇതാണ്

രേണുക വേണു| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (12:26 IST)

ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിക്കാതിരിക്കാനുള്ള കാരണം ഫിറ്റ്‌നെസ്. സഞ്ജുവിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന്റെ ഫിറ്റ്‌നെസില്‍ സെലക്ടര്‍മാര്‍ക്ക് തൃപ്തിയില്ലെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരതയില്ലായ്മയും സഞ്ജുവിന്റെ പോരായ്മയായി സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതില്‍ സഞ്ജു സാംസണ്‍ നിരാശനാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് തനിക്ക് അവസരം ലഭിക്കുമെന്ന് സഞ്ജു കരുതിയിരുന്നു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സാധ്യത സ്‌ക്വാഡിലും സഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍, സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് 16 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്.

സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച ട്വീറ്റ് വലിയ ചര്‍ച്ചയായി. തന്റെ മികച്ച ഫീല്‍ഡിങ് പ്രകടനങ്ങള്‍ അടങ്ങിയ ഏതാനും ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്നതാണ് സഞ്ജുവിന്റെ ട്വീറ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :