അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (14:36 IST)
ഇന്ത്യക്കെതിരെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഐസിസി ടി20 സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവെച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ഏറെ ആകാംക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നതെന്നും ഇംഗ്ലണ്ട് ടീം ഏറെ ആത്മവിശ്വാസത്തിലാണെന്നുമാണ് സാം കറന്‍ വെളിപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ എത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലുള്‍പ്പടെ ഏറെ പരുങ്ങിയാണ് ഇംഗ്ലണ്ട് മുന്നേറിയത്. നേപ്പാള്‍, ഇറ്റലി തുടങ്ങിയ ടീമുകള്‍ക്കെതിരെ പോലും ഏറെ മെനക്കെട്ടാണ് ഇംഗ്ലണ്ട് വിജയം നേടിയെടുത്തത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വരവറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ടീം പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും ഇന്ത്യയെ പരാജയപ്പെടുത്താനാകുമെന്നുമാണ് സാം കറന്‍ വ്യക്തമാക്കുന്നത്.
ഇന്ത്യക്കെതിരായ മത്സരം റണ്‍സൊഴുകുന്ന മത്സരമാകുമെന്നാണ് സാം കറന്‍ പറയുന്നത്.ഞങ്ങള്‍ ഒരു ചാലഞ്ചിന് റെഡിയാണ്. നല്ല വിക്കറ്റും ചെറിയ ഗ്രൗണ്ടും തീര്‍ച്ചയായും ഒരു ഹൈ സ്‌കോറിംഗ് മാച്ചാകും സംഭവിക്കുക. ഇന്ത്യ മികച്ച നിരയാണ്. ഇവിടെ ഒരുപാട് മത്സരങ്ങളും കളിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒന്നിനെയും ഭയക്കുന്നില്ല. സാം കറന്‍ വ്യക്തമാക്കി.