ഇന്നും രോമാഞ്ചം തരുന്ന ഒരു ബാറ്റ്സ്മാന്റെ പ്രകടനം ഏത്? ശ്രീശാന്തിന്റെ സിക്‌സർ പ്രകടനമെന്ന് സ്റ്റെയ്‌ൻ ഗൺ!

അഭിറാം മനോഹർ| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (20:36 IST)
ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിൽക്കാനായിട്ടില്ലെങ്കിലും ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും സൗത്താഫ്രിക്കൻ പര്യടനത്തിൽ
നേടിയ ടെസ്റ്റ് വിജയത്തിലുമെല്ലാം പങ്കാളിയായ ‌താരമായിരുന്നു മലയാളികളുടെ സ്വന്തം എസ് ശ്രീശാന്ത്. കളിക്കളത്തിലെ ആക്രമണോത്സുകതയിൽ പേരുകേട്ട ശ്രീശാന്ത് കളിക്ക‌‌ളത്തിൽ മൈറ്റി ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിരയേയും ബ്രയൻ ലാറ, ഡിവില്ലിയേഴ്‌സ് തുടങ്ങി ക്രിക്കറ്റിലെ അതികായന്മാരെയും വിറപ്പിച്ചിട്ടുള്ള താരമാണ്.

ക്രിക്കറ്റ് മത്സരങ്ങൾ സ്ഥിരമായി പിന്തുടരുന്ന ഒരു വ്യ‌‌ക്തിയാണ് നിങ്ങളെങ്കിൽ 2006-07ലെ സൗത്താഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ ശ്രീശാന്തിനെ മറന്നിരിക്കാൻ ഇടയില്ല. ബൗളിങ്ങിൽ മികച്ച പ്രകടനം താരം കാഴ്‌ച്ചവെച്ചെങ്കിലും ശ്രീശാന്ത് എന്നും ക്രിക്കറ്റ് ലോകത്തിലേക്ക് ഓർമിക്കപ്പെടുന്നത് സീരീസിലെ ഒരു ടെസ്റ്റിനിടെ നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ പേരിലാണ്.

അടുത്തിടെ ഇഎസ്‌പിഎൻ ഒരു ട്വീറ്റിലൂടെ ലോകത്തെ തന്റെ തീയുണ്ടകൾ കൊണ്ട് വിറപ്പിച്ച സാക്ഷാൽ ഡെയ്‌ൽ സ്റ്റെയ്‌നിനോട്
ട്വിറ്ററിലൂടെ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങൾക്ക് ഇന്ന് കാണുമ്പോഴും രോമാഞ്ചം തരുന്ന ഒരു ബാറ്റിങ് പ്രകടനം ഏതാണ്? അതിന് മറുപടിയായി എടുത്തുകാട്ടിയത്ത് സൗത്താഫ്രിക്കയിൽ സ്ലെഡ്‌ജിങിന് പേരുകേട്ട അവരുടെ പേസ് താരം ആന്ദ്രെ നെല്ലിനെതിരെ ശ്രീ നേടിയ സിക്‌സറാണ്.

വാണ്ടറേഴ്‌സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഐക്കോണിക്കായി കണക്കാക്കപ്പെടുന്ന ആ നിമിഷം പിറന്നത്. മത്സരത്തിൽ വാലറ്റക്കാരനായി ഇറങ്ങിയ ശ്രീശാന്തിന് നേരെ പ്രകോപനപരമായ വാക്കുകളുമായി സൗത്താഫ്രിക്കൻ പേസർ എത്തുകയായിരുന്നു.

വാലറ്റക്കാരനായ ശ്രീശാന്തിനെ പ്രകോപിപ്പിച്ച് കൊണ്ട് വിക്കറ്റ് സ്വന്തമാക്കാനായിരുന്നു താരത്തിന്റെ പദ്ധതി. എന്നാൽ അടുത്ത ഫുള്ളർ നെല്ലിന്റെ തലയ്ക്ക് മുകളിലൂടെ പറത്തികൊണ്ടാണ് ശ്രീ മറുപടി നൽകിയത്. അത് കൊണ്ടും അരിശം തീരാതെ മൈതാനത്ത് നൃത്തവും ചെയ്‌താണ് ശ്രീശാന്ത് അന്ന് നെല്ലിന് മറുപടി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :