രേണുക വേണു|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (20:06 IST)
മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണ് ഇത്. അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. തീരുമാനം എന്റേത് മാത്രമാണ്. ഇന്ത്യയ്ക്കായി കളിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഏറെ ദുഃഖത്തോടേയാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ കുറ്റബോധമൊന്നും ഇല്ലെന്നും ശ്രീശാന്ത് കുറിച്ചു.
ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ (2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി.