വെസ്റ്റിൻഡീസ് പര്യടനം വരുന്നു, വിളികാത്ത് സഞ്ജുവും

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (14:01 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റിന്‍ഡീസ് പര്യടനം. 2 ടെസ്റ്റും 3 ഏകദിനവും 5 മത്സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പര എന്ന നിലയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. അതേസമയം ടി20യില്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി ഒരു തലമുറമാറ്റത്തിനായാണ് ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നത്. ജൂലൈ 12നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20ന് നടക്കും. തുടര്‍ന്ന് ജൂലൈ 27,29 ആഗസ്റ്റ് 1 തീയ്യതികള്‍ ഏകദിന മത്സരങ്ങളും ആഗസ്റ്റ് 3, 6,8,12,13 തീയ്യതികളില്‍ ടി20 പരമ്പരയും നടക്കും.

ടി20 പരമ്പരയില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ യുവതാരങ്ങള്‍ കൂടെ അടങ്ങിയ നിരയാകും വിന്‍ഡീസില്‍ കളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും കെ എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും അഭാവത്തില്‍ ബാക്കപ്പ് കീപ്പറായി സഞ്ജു ടീമില്‍ തുടരാനാണ് സാധ്യത. ഇന്ത്യയുടെ മധ്യനിരയില്‍ സഞ്ജു സാംസണിന് സ്ഥാനം ലഭിക്കുമോ എന്നത് വ്യക്തമല്ല. അതേസമയം യശ്വസി ജയ്‌സ്വാള്‍,റിങ്കു സിംഗ് എന്നിവര്‍ക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റമത്സരങ്ങളാകും വിന്‍ഡീസില്‍ ഉണ്ടാവുക. ഹാര്‍ദ്ദിക് പാണ്ഡ്യയാകും പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :