ഷമിയ്ക്ക് വിശ്രമം, വിരമിക്കാൻ പുജാരയ്ക്ക് മുകളിൽ സമ്മർദ്ദം: തലമുറമാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ ക്രിക്കറ്റ്

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂണ്‍ 2023 (19:37 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടതോടെ അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക എങ്കിലും ടെസ്റ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ പലരും തങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തിലാണ് എന്നതിനാല്‍ ടെസ്റ്റ് ടീമില്‍ യുവതാരങ്ങളെ കൊണ്ടുവന്ന് പുനര്‍നിര്‍മിക്കണം എന്ന ഭാരിച്ച ഉത്തരവാദിത്വവും ബിസിസിഐയുടെ ചുമലിലാണ്.

ഇതോടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയും അവസരങ്ങള്‍ കുറച്ചുകൊണ്ടും പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.ഇതിന്റെ ഭാഗമായി വിന്‍ഡീസിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിലെ സീനിയര്‍ പേസറായ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിലെ സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുജാരയ്ക്ക് പകരം യശ്വസി ജയ്‌സ്വാളിനെ പരീക്ഷിക്കുന്നതിനായി താരത്തിന് മുകളില്‍ വിരമിക്കാനുള്ള സമ്മര്‍ദ്ദവും ബിസിസിഐ ചെലുത്തുന്നുണ്ട്. അതേസമയം ഇന്ത്യയുടെ 3 ഫോര്‍മാറ്റിലും കളിക്കുന്ന താരമെന്ന നിലയില്‍ ലോകകപ്പിന് മുന്‍പായി വേണ്ടത്ര വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ഷമിയെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :