അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താനായില്ല: എംഎസ് ധോണി

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:05 IST)
അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ ആയില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിങ് ധോണി. 150നോടടുത്ത സ്കോറാണ് ലക്ഷ്യം വെച്ചത്. 15-16 ഓവറുകൾ ആയപ്പോൾ മത്സരത്തിന്റെ പേസ് ഉയർത്തേണ്ടതായിരുന്നു എന്നാൽ ഇതിന് സാധിച്ചില്ല. മത്സരശേഷം ധോണി പറഞ്ഞു.

വളരെ പേസുള്ള വിക്കറ്റായിരുന്നു അത്. ഷോട്ടുകൾ കളിക്കാൻ ഇത് പ്രതിസന്ധിയുണ്ടാക്കി. ഈ ബുദ്ധിമുട്ട് ഡൽഹി ബാറ്റർമാർക്കും ഉണ്ടായി ധോണി പറഞ്ഞു. അതേസമയം അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.

39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടമാണ് മത്സരം വിജയിക്കാൻ ഡൽഹിയെ സഹായിച്ചത്. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 18 പോയിൻ്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :