അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (09:50 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റിങിന്റെ നട്ടെല്ലാണ് യുവതാരം റുതുരാജ് ഗെയ്‌ക്ക്‌വാദ്. പരിചയസമ്പന്നമായ ചെന്നൈ ബാറ്റിങ് നിരയിൽ പുതുമുഖം എന്ന് പറയാവുന്ന ഏക ബാറ്ററായ ഗെയ്‌ക്ക്‌വാദാണ് ഇത്തവണ ഐപിഎല്ലിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയെ സഹായിച്ചത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 പന്തില്‍ തന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടിയ ഗെയ്ക്‌വാദ് സീസണിലെ ഓറഞ്ച് ക്യാപ് കൂടി മത്സരത്തിൽ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും
ഉൾപ്പടെ 50.80 ശരാശരിയില്‍ 140.33 പ്രഹരശേഷിയിൽ 508 റൺസാണ് താരം നേടിയത്. ഒപ്പം ചെന്നൈ സൂപ്പർ കിങ്‌സിനായി സെഞ്ചുറി നേടുന്ന ഒമ്പതാമത് താരമെന്ന നേട്ടവും റുതുരാജ് സ്വന്തമാക്കി.
ചെന്നൈ സൂപ്പർ കിങ്‌സിനായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് റുതുരാജ്. 24 വയസും 244 ദിവസവുമാണ് റുതുരാജിന്റെ പ്രായം. രാജസ്ഥാനെതിരായ മത്സരത്തിൽ അവസാന പന്തിൽ സെഞ്ചുറിയിലെത്തുമോ എന്ന സസ്‌പെൻസിലൊടുവിലാണ് മുസ്‌തഫിസൂറിന്റെ പന്തിൽ സിക്‌സർ പറത്തികൊണ്ട് റുതുരാജ് തന്റെ കന്നി
ഐപിഎൽ സെഞ്ചുറി സ്വന്തമാക്കിയത്.
പതിനെട്ടാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 93 റണ്‍സിലെത്തിയെങ്കിലും പിന്നീടുള്ള 12 പന്തുകളില്‍ മൂന്നെണ്ണം മാത്രമാണ് ഗെയ്ക്‌വാദിന് ലഭിച്ചത്. ഇതിൽ അവസാന പന്തിൽ സെഞ്ചുറി നേടാൻ 5 റൺസ് വേണമെന്നിരിക്കെയാണ് സിക്‌സറിലൂടെ താരം ചെന്നൈ ഇന്നിങ്സ് അവസാനിപ്പിച്ചത്.