അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (09:42 IST)
വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ (WPL) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സീസണിലെ ആദ്യ തോല്‍വി. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ശക്തരായ ബെംഗളുരുവിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ഡല്‍ഹിക്കായി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡല്‍ഹി ആര്‍സിബി ബാറ്റിങ് നിരയെ വലിഞ്ഞുമുറുക്കുകയായിരുന്നു. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും ആര്‍സിബിയെ 109 റണ്‍സിന് പുറത്താക്കാന്‍ ഡല്‍ഹിക്കായി. ആര്‍സിബി നിരയില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന (38) മാത്രമാണ് തിളങ്ങിയത്. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും സ്മൃതിക്ക് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 3 വിക്കറ്റുകളുമായി നന്ദിനി ശര്‍മയാണ് ആര്‍സിബിയെ തകര്‍ത്തത്. മാരിസാനെ ക്യാപ്, മിന്നുമണി,ചിനെല്‍ ഹെന്റി എന്നിവരും മികച്ചുനിന്നു.
ആര്‍സിബി ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തിലെ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലോറ വോള്‍വാര്‍ട്ട് (42*), ജെമിമ റോഡ്രിഗസ് (24) സഖ്യം ടീമിനെ അനായാസമായ വിജയത്തിലേക്ക് നയിച്ചു. 15.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് ഡല്‍ഹി നേടിയത്. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഡല്‍ഹിക്കായി.