രേണുക വേണു|
Last Modified വെള്ളി, 30 ജനുവരി 2026 (06:53 IST)
Royal Challengers Bengaluru Women: വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിത ടീം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിനു തകര്‍ത്താണ് ഒന്നാം സ്ഥാനക്കാരായി ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് 13.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ആര്‍സിബിക്കായി ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസ് (37 പന്തില്‍ 75), സ്മൃതി മന്ഥന (27 പന്തില്‍ പുറത്താകാതെ 54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗ്രേസിന്റെ ഇന്നിങ്‌സ്. മന്ഥന എട്ട് ഫോറും രണ്ട് സിക്‌സും നേടി.
നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നദിന്‍ ഡി ക്ലര്‍ക്ക് ആണ് ആര്‍സിബിക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഗ്രേസ് ഹാരിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഗ്രേസ് ആണ് കളിയിലെ താരം. 43 പന്തില്‍ 55 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് യുപി വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍.