അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജനുവരി 2026 (09:41 IST)
2007, 2011 ലോകകപ്പ് വിജയങ്ങളിലെ ഇന്ത്യന്‍ ഹീറോയായ താരമാണ് ഓള്‍റൗണ്ട് താരമായ യുവരാജ് സിംഗ്. കാന്‍സറിനെതിരെ ധീരമായി പോരാടികൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ യുവരാജ് നിര്‍ണായകമായ പങ്കുവഹിച്ചത്. 2 ലോകകിരീടങ്ങള്‍ നേടി ഇന്ത്യയുടെ ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്ക് കയറിയെങ്കിലും ശേഷം യുവരാജിന്റെ കരിയര്‍ പല കയറ്റിറക്കങ്ങളും നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ സാനിയ മിര്‍സയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിലെ ഈ ഘട്ടത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് യുവരാജ്.
സാനിയ മിര്‍സയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ യുവരാജ് വെളിപ്പെടുത്തിയത് ഏതൊരു കായികതാരത്തിന്റെയും ഹൃദയം തകര്‍ക്കുന്ന സത്യങ്ങളാണ്. 'എന്റെ കരിയര്‍ ഒരു ഭാരമായിത്തീര്‍ന്നു. കളി ആസ്വദിക്കാനുള്ള കഴിവ് എനിക്ക് നഷ്ടപ്പെട്ടു. ആദരവ് തോന്നിയില്ല, പിന്തുണ അനുഭവപ്പെട്ടില്ല,' യുവരാജ് വേദനയോടെ പറഞ്ഞു.
2011 ലോകകപ്പിനുശേഷം കാന്‍സറിനെതിരായ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കി 2012ല്‍ മടങ്ങിയെത്തിയെങ്കിലും കളിക്കളത്തില്‍ പഴയ തിളക്കം തിരികെപ്പിടിക്കാന്‍ യുവരാജിന് കഴിഞ്ഞിരുന്നില്ല. 2014 മുതല്‍ 2017 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ 35 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ശരാശരി 27.24 ആയിരുന്നു. ഈ സമയങ്ങളില്‍ മാനസികമായും ഏറെ പ്രയാസം അനുഭവിച്ചെന്ന് യുവരാജ് പറയുന്നു.
019ലെ ലോകകപ്പ് സെലക്ഷനില്‍ ടീം എന്നെ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ തളര്‍ന്നു പോയി. ആ നിമിഷം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം തന്നെ നഷ്ടമായി. അതൊരു നേര്‍ത്ത വരയാണ്. ക്രിക്കറ്റ് എനിക്ക് അസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിന് അതില്‍ തുടരുന്നു എന്ന ചിന്ത മനസില്‍ വന്നു. എനിക്ക് തെളിയിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ശാരീരികമായും മാനസികമായും തളര്‍ന്നിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ എനിക്ക് ലഭിക്കേണ്ട ബഹുമാനം പോലും ലഭിക്കുന്നില്ലെന്ന് തോന്നി. വേണ്ടിയിരുന്ന പിന്തുണയും ആ ഘട്ടത്തില്‍ ലഭിച്ചില്ല. യുവരാജ് പറയുന്നു.