Rohit Sharma: 'വിരമിക്കാന്‍ തയ്യാര്‍'; രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നു
ക്യാപ്റ്റന്‍സിക്കു പുറമേ ബാറ്റിങ്ങിലും നിറംമങ്ങിയതാണ് രോഹിത്തിനു തിരിച്ചടിയാകുന്നത്
Rohit Sharma
രേണുക വേണു|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (16:01 IST)
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കാനാണ് രോഹിത്തിന്റെ തീരുമാനം. രോഹിത് ഇക്കാര്യം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെ ടെസ്റ്റ് രോഹിത് ഇന്ത്യക്കായി കളിക്കുന്ന അവസാന ടെസ്റ്റായിരിക്കും.
മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ടെസ്റ്റ് ഭാവിയെ കുറിച്ച് ആലോചിക്കണമെന്ന് ബിസിസിഐ രോഹിത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്താനുള്ള സാധ്യതകള്‍ മങ്ങിയ സാഹചര്യത്തില്‍ കൂടിയാണ് ബിസിസിഐ രോഹിത്തിനെ നായകസ്ഥാനത്തു നീക്കാന്‍ ആലോചിക്കുന്നത്. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായുള്ള ടെസ്റ്റ് മത്സരങ്ങളില്‍ പുതിയ നായകനായിരിക്കണം ഇന്ത്യയെ നയിക്കേണ്ടതെന്നാണ് ബിസിസിഐയുടെ നിലപാട്.
ക്യാപ്റ്റന്‍സിക്കു പുറമേ ബാറ്റിങ്ങിലും നിറംമങ്ങിയതാണ് രോഹിത്തിനു തിരിച്ചടിയാകുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. അതായത് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ വെറും 31 റണ്‍സ് ! ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത് വിരമിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നു. രോഹിത്തിന്റെ അവസാന 16 ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3, 9 ! അവസാന 16 ഇന്നിങ്‌സുകളില്‍ രണ്ടക്കം കണ്ടിരിക്കുന്നത് വെറും അഞ്ച് തവണ മാത്രം.