ഏഷ്യാകപ്പില്‍ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ ലക്ഷ്യമിട്ട് രോഹിത്, വേണ്ടത് 163 റണ്‍സ് മാത്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (17:49 IST)
ഏഷ്യാകപ്പില്‍ കിരീടനേട്ടത്തിനൊപ്പം ഹിറ്റ്മാനെ കാത്ത് മറ്റൊരു അപൂര്‍വ്വനേട്ടവും. 2018ല്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഏഷ്യാകപ്പ് വിജയിച്ചതിന് ശേഷം ഇതുവരെയും ഏഷ്യാകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അന്ന് സ്ഥിരം നായകനായ വിരാട് കോലിയ്ക്ക് വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ഹിറ്റ്മാന് നായകസ്ഥാനത്തേക്ക് നറുക്ക് വീഴുകയായിരുന്നു. ഇത്തവണ നായകനെന്ന നിലയില്‍ ഹിറ്റ്മാന്‍ ഏഷ്യാകപ്പ് കിരീടനേട്ടം ലക്ഷ്യമിടുമ്പോള്‍ ബാറ്ററെന്ന നിലയില്‍ വലിയൊരു നാഴികകല്ല് കൂടി താരത്തിനെ കാത്തിരിക്കുന്നുണ്ട്.

ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് എഷ്യാകപ്പില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ 10,000 റണ്‍സിന് വെറും 163 റണ്‍സ് മാത്രം അകലെയാണ് രോഹിത്. ഏഷ്യാകപ്പ് ഫൈനലില്‍ എത്തുകയാണെങ്കില്‍ 6 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. 259 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10,000 റണ്‍സ് നേട്ടം സ്വന്തമാക്കിയത്. രോഹിത്താകട്ടെ 237 ഇന്നിങ്ങ്‌സുകളില്‍ നിന്നും 48.7 ശരാശരിയില്‍ 9837 റണ്‍സ് ഇതിനകം നേടികഴിഞ്ഞു.

30 സെഞ്ചുറികളും 3 ഡബിള്‍ സെഞ്ചുറികളും 48 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെയാണ് ഈ നേട്ടം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം രോഹിത്തിന്റെ പേരിലാണ് നിലവിലുള്ളത്. ശ്രീലങ്കക്കെതിരെ 264 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205 ഏകദിന ഇന്നിങ്ങ്‌സുകളില്‍ നിന്നും 10,000 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം വിരാട് കോലിയുടെ പേരിലാണ് ഏകദിനത്തില്‍ ഏറ്റവും വേഗം 10,000 റണ്‍സ് എന്ന റെക്കോര്‍ഡുള്ളത്. കോലി,സച്ചിന്‍ എന്നിവര്‍ കഴിഞ്ഞാല്‍ 263 ഇന്നിങ്ങ്‌സുകളില്‍ നിന്നും 10,000 റണ്‍സ് സ്വന്തമാക്കിയ സൗരവ് ഗാംഗുലിയാണ് ലിസ്റ്റില്‍ സച്ചിന് പിന്നിലുള്ള താരം. 266 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ പോണ്ടിംഗാണ് പട്ടികയില്‍ പിന്നിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ ജാക്വസ് കാലിസ്, ഇന്ത്യയുടെ ഇതിഹാസതാരമായ എം എസ് ധോനി എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബാറ്റര്‍മാര്‍.കാലിസ് 272 ഇന്നിങ്ങ്‌സുകളും ധോനി 273 ഇന്നിങ്ങ്‌സുകളുമാണ് 10,000 റണ്‍സിലെത്താന്‍ എടുത്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :