ആരാണ് രോഹിത്തിന്റെ പകരമെത്തുന്ന പ്രിയങ്ക് പാഞ്ചാൽ?

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 ഡിസം‌ബര്‍ 2021 (22:02 IST)
സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആഘാതമായിരുന്നു ഉപനായകനും സ്റ്റാർ ബാറ്റ്സ്മാനുമായ രോഹിത് ശർമയുടെ അസാന്നിധ്യം. ആദ്യം നടത്തിയ പരിശോധനയിൽ പരിക്ക് ഗൗരവമുള്ളതല്ലെന്ന് കരുതിയെങ്കിലും പിന്നീട് ഗുരുതരമെന്ന് വ്യക്തമായതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ നിന്നും രോഹിത്തിന് വിട്ടുനിൽക്കേണ്ടി വരികയായിരുന്നു.

രോഹിത്തിനു പകരം ബാക്കപ്പായി പുതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് 31 കാരനായ പാഞ്ചാലായിരുന്നു.

ആഭ്യ‌ന്തര ക്രിക്കറ്റിലെ ഏറെ കാലമായുള്ള സ്ഥിരതയാർന്ന പ്രകടനമാണ് രഞ്ജിയിൽ ഗുജറാത്ത് നായകനായ പാഞ്ചലിന് അവസരമൊരുക്കിയത്. 2016ലെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ ഗുജറാത്തിനു വേണ്ടി പാഞ്ചാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചതോടെയാണ് പാഞ്ചാൽ ശ്രദ്ധിക്കപ്പെടുന്നത്.

2016-17 സീസണിലെ രഞ്ജി ട്രോഫിയിൽ പാർഥീവ് പട്ടേലിന്റെ ക്യാപ്‌റ്റൻസിയിൽ ഗുജറാത്ത് കിരീടം സ്വന്തമാക്കിയപ്പോൾ 17 മല്‍സരങ്ങളില്‍ നിന്നും 1310 റണ്‍സാണ് ഈ സീസണില്‍ താരം വാരിക്കൂട്ടിയത്. 2017-18 സീസണിൽ 7 മത്സരങ്ങളിൽ നിന്നും 542 റൺസും 2018-19 സീസണിൽ ഒമ്പത് കളികളിൽ നിന്നും 898 റൺസും താരം വാരിക്കൂട്ടി.

അതേസമയം സൗത്താഫ്രിക്കൻ എയ്ക്കെതിരെ നേടിയ 96 റൺസ് പ്രകടനമാണ് പാഞ്ചാലിന് ടീം പ്രവേശനം നേടികൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :