രേണുക വേണു|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (15:14 IST)
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യന്‍ ടീമില്‍ പരീക്ഷണങ്ങളുടെ വിളനിലമായിരിക്കും. വന്‍ മാറ്റങ്ങളുമായാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ കളിക്കാനിറങ്ങുന്നത്. ഏകദിന നായകസ്ഥാനത്തു നിന്ന് കോലിയെ ഒഴിവാക്കിയും പകരം രോഹിത്തിനെ നായകനാക്കിയും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടെസ്റ്റില്‍ കോലി നായകസ്ഥാനത്ത് തുടരുമ്പോള്‍ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ ഇനി നയിക്കുക രോഹിത് ശര്‍മയാണ്.
ടെസ്റ്റില്‍ കോലി ഇന്ത്യയെ നയിക്കുമ്പോള്‍ രോഹിത് ശര്‍മ ആ ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനില്ല ! പരിശീലനത്തിനിടെ പരുക്കേറ്റ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു കളിയില്‍ പോലും ടീമിന്റെ ഭാഗമാകില്ല. മൂന്ന് ആഴ്ചത്തെ വിശ്രമമാണ് രോഹിത്തിന് വേണ്ടത്. പരുക്കില്‍ നിന്ന് മുക്തനായി ഏകദിന പരമ്പരയ്ക്കായി രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ കോലി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകും ! ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനാണ് കോലിയുടെ തീരുമാനം. രോഹിത് ശര്‍മ നയിക്കുന്ന ഏകദിന പരമ്പരയില്‍ കോലി ടീമിന്റെ ഭാഗമാകില്ല. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് കോലി ഏകദിന പരമ്പര ഒഴിവാക്കിയിരിക്കുന്നത്. ഇക്കാര്യം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. തത്വത്തില്‍ കോലി ടെസ്റ്റ് പരമ്പര നയിക്കുമ്പോള്‍ രോഹിത് ശര്‍മയുടെ അസാന്നിധ്യവും രോഹിത് ശര്‍മ ഏകദിന പരമ്പര നയിക്കുമ്പോള്‍ കോലിയുടെ അസാന്നിധ്യവും ഏറെ ചര്‍ച്ചയാകും.