തല്ല് വാങ്ങിയും സൂപ്പർ ഓവർ ബു‌മ്രക്ക് കൊടുത്തത് എന്തുകൊണ്ട് ? കാരണം വ്യക്തമാക്കി രോഹിത്

അഭിറാം മനോഹർ| Last Modified വെള്ളി, 31 ജനുവരി 2020 (10:57 IST)
ഹാമിൽട്ടണിൽ നടന്ന മൂന്നാം ടി20യിലെ ആവേശകരമായ പോരാട്ടം ക്രിക്കറ്റ് പ്രേമികൾ അടുത്തെങ്ങും മറക്കാൻ സാധ്യതയില്ല.180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വന്ന ഇന്ത്യ സൂപ്പർ ഓവറിലാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ നിർണായകമായ അവസാന ഓവർ ഷമി ഭംഗിയാക്കിയപ്പോൾ പക്ഷേ എറിയാൻ ഇന്ത്യൻ നായകൻ നിയോഗിച്ചത് മത്സരത്തിൽ തൊട്ടു മുൻപത്തെ ഓവറിൽ അടി വാങ്ങിയ ജസ്പ്രീത് ബു‌മ്രയെയാണ്.

ആദ്യ ഇന്നിഗ്സിൽ വില്യംസണും ഗുപ്‌റ്റിലും അടിച്ചുതകർത്തിട്ടും ബു‌മ്രയേയാണ് കോലി പന്തേൽപ്പിച്ചത്. എന്തുകൊണ്ട് മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നിട്ടും ബു‌മ്രയെ കോലി മത്സരത്തിൽ പന്തേൽപ്പിച്ചെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഉപനായകനായ രോഹിത് ശർമ്മ.

മൂന്നാം മത്സരത്തിൽ കാര്യമായ യാതൊന്നും ബു‌മ്രക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. നാലോവർ എറിഞ്ഞ താരം മത്സരത്തിൽ 45 റൺസാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടതോടെ ബു‌മ്ര, ഷമി,ജഡേജ ഇവരിൽ ആർക്ക് പന്ത് കൊടുക്കണമെന്ന കാര്യത്തിൽ സംശയമുണ്ടായി. വിശ്വസ്തനായ ബു‌മ്ര തന്നെ പന്തെറിയട്ടെ എന്ന് പിന്നീട് തീരുമാനമായി. മുൻപും ഇത്തരം നിർണായകമായ സമയങ്ങളിൽ ബു‌മ്ര നടത്തിയിട്ടുള്ള പ്രകടനമാണ് തീരുമാനത്തെ സ്വാധീനിച്ചത്. ഇന്ത്യയുടെ ബൗളിങ് ഡിപ്പാർട്ട്മെന്റിലെ അവിഭാജ്യ ഘടകം ബു‌മ്രയാണെന്നും രോഹിത് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :