അഭിറാം മനോഹർ|
Last Modified വ്യാഴം, 30 ജനുവരി 2020 (12:27 IST)
ഒരു സൂപ്പർ ഓവറിൽ മത്സരം കൈവിടുന്നതിന്റെ ആഘാതം ന്യൂസിലൻഡിനെ പോലെ അറിയുന്ന മറ്റൊരു ടീം ഉണ്ടാവില്ല. ഇന്നലെ ഇന്ത്യയുമായുള്ള മൂന്നാം ടി20യിൽ സൂപ്പർ ഓവറിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരായുള്ള
ടി20 പരമ്പരയാണ് ന്യൂസിലൻഡിന് നഷ്ടപ്പെട്ടത്. ഇതോടെ സൂപ്പർ ഓവറുകൾ ഒരിക്കലും ഞങ്ങളുടെ സുഹൃത്തുക്കൾ അല്ലെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കിവീസ് നായകനായ കെയ്‌ൻ വില്യംസൺ.
ഈയൊരു പരമ്പര മാത്രമല്ല, ഏതൊരു ടീമും സ്വപ്നം കാണുന്ന ലോകകപ്പ് നേട്ടവും കിവികൾക്ക് നഷ്ടമായത് ഒരു സൂപ്പർ ഓവറിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില്യംസണിന്റെ പ്രതികരണം. സൂപ്പർ ഓവറിന് മുൻപ് തന്നെ ഇന്ത്യക്കെതിരായ മത്സരം ജയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും വില്യംസൺ പറഞ്ഞു.
നന്നായി കഠിനാദ്ധ്വാനം ചെയ്ത ശേഷം മത്സരം കൈവിട്ട് പോവുക എന്നത് ഏറെ നിരാശ നൽകുന്നതാണെന്നും എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലെ ടീമിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ ടീം എന്ന നിലയിൽ ന്യൂസിലൻഡ് ഏറെ മെച്ചപ്പെട്ടതായും കെയ്‌ൻ വില്യംസൺ പറഞ്ഞു.