ഞങ്ങൾക്കൊരു ക്യാപ്റ്റൻ ഉണ്ടെന്ന് പറ, ഒരൊന്നൊന്നര ക്യാപ്റ്റൻ: സർവകാല റെക്കോർഡിനരികെ രോഹിത്

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (08:53 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഒരു അപൂർവ നേട്ടത്തിനരികെയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരവും വിജയിക്കാനായാൽ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരുന്നതിനൊപ്പം തന്നെ തുടർച്ചയായി 20 മത്സരങ്ങൾ വിജയിക്കുന്ന നായകനെന്ന ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിൻ്റെ റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനും രോഹിത്തിനാകും.

ഇന്ത്യയുടെ മുഴുവൻ സമയനായകനെന്ന നിലയിൽ 14 മത്സരങ്ങൾ തുടർച്ചയായി വിജയിച്ചതിന് പുറമെ തുടർച്ചയായി രോഹിത്തിൻ്റെ നായകത്വത്തിന് കീഴിൽ ഇന്ത്യയുടെ 19മത് വിജയമായിരുന്നു ഇന്നലെ ഇംഗ്ലണ്ടിനെതിരെ നേടിയത്. 2008ലാണ് 20 തുടർവിജയങ്ങളുമായി പോണ്ടിങ്ങ് റെക്കോർഡിട്ടത്. 2019-2022 കാലഘട്ടങ്ങളിലായാണ് രോഹിത്തിൻ്റെ 19 വിജയങ്ങൾ. 2006-2007 സീസണിൽ പോണ്ടിങ്ങിൻ്റെ കീഴിൽ 16 തുടർവിജയങ്ങളെന്ന നേട്ടവും ഓസീസിൻ്റെ അക്കൗണ്ടിലുണ്ട്.

ടി20 ക്രിക്കറ്റിൽ ഏറ്റവും വിജയശതമാനമുള്ള നായകനാണ് രോഹിത് ശർമ. ഇതുവരെ 30 ടി20 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ നയിച്ചപ്പോൾ അതിൽ 26 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. വിജയശതമാനം 86.7%. 80.8 വിജയശതമാനമുള്ള അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാനാണ് രോഹിത്തിൻ്റെ തൊട്ടുപിന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :