'നല്ല തല്ലിന്റെ കുറവുണ്ട്'; ബോള്‍ പിടിക്കാതിരുന്ന സര്‍ഫറാസിന്റെ പുറത്ത് രോഹിത്തിന്റെ 'കൈ' വീണു

സര്‍ഫറാസ് ഖാന്റെ മിസ് ഫീല്‍ഡാണ് ഇത്തവണ രോഹിത്തിന്റെ മൂഡ് മാറാന്‍ കാരണം

Rohit Sharma and Sarfaraz Khan
രേണുക വേണു| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (10:28 IST)
Rohit Sharma and Sarfaraz Khan

ഫീല്‍ഡില്‍ രസകരമായ പല കാര്യങ്ങളും ചെയ്യുന്ന ആളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പ്രത്യേകിച്ച് സഹതാരങ്ങളില്‍ നിന്ന് മിസ് ഫീല്‍ഡ് സംഭവിച്ചാല്‍ രോഹിത് പെരുമാറുന്ന രീതി അപ്രവചനീയമാണ്. നിര്‍ണായക സമയത്ത് മിസ് ഫീല്‍ഡുണ്ടായാല്‍ ദേഷ്യപ്പെടുന്ന രോഹിത് ചില സമയത്ത് വളരെ കൂളായാണ് അതിനെ കൈകാര്യം ചെയ്യുക. അങ്ങനെയൊരു കാഴ്ചയാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ കണ്ടത്.

സര്‍ഫറാസ് ഖാന്റെ മിസ് ഫീല്‍ഡാണ് ഇത്തവണ രോഹിത്തിന്റെ മൂഡ് മാറാന്‍ കാരണം. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി നിന്നത് സര്‍ഫറാസ് ഖാന്‍ ആണ്. കൂളായി കൈപിടിയില്‍ ഒതുക്കേണ്ട ക്യാച്ച് സര്‍ഫറാസ് ഖാന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ തമാശ രൂപേണ പുറത്ത് അടിക്കുകയായിരുന്നു രോഹിത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഹര്‍ഷിത് റാണ എറിഞ്ഞ 23-ാം ഓവറിലാണ് സംഭവം നടന്നത്. ഓലിവര്‍ ഡേവിസിനെതിരെ റാണ എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് ബാറ്റിലുരസിയെങ്കിലും അത് ക്യാച്ചാക്കാന്‍ സര്‍ഫറാസിനു സാധിച്ചില്ല. കൈവിട്ടു പോയ പന്ത് പിടിക്കാനായി പുറകെ ഓടിയ സര്‍ഫറാസിന്റെ പിന്നില്‍ വന്നാണ് രോഹിത് പുറത്ത് അടിച്ചത്. രോഹിത്തിന്റെ അടി കിട്ടയപ്പോള്‍ സര്‍ഫറാസ് ചിരിക്കുകയായിരുന്നു. 'സര്‍ഫറാസിനു രണ്ട് അടിയുടെ കുറവ് ഉണ്ടായിരുന്നു' എന്നാണ് വീഡിയോ കണ്ട ശേഷം ആരാധകര്‍ തമാശയായി പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :