രേണുക വേണു|
Last Modified തിങ്കള്‍, 13 നവംബര്‍ 2023 (08:36 IST)
ആറാം ബൗളര്‍ ഓപ്ഷന്‍ ഇല്ലെന്നു പറഞ്ഞ് ഇന്ത്യയെ ട്രോളിയവരെല്ലാം ഇപ്പോള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത് ഒന്‍പത് ബൗളര്‍മാരെ. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഒഴികെ എല്ലാവരും പന്തെറിഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.
നെതര്‍ലന്‍ഡ്‌സിന്റെ ഒരു വിക്കറ്റ് ശേഷിക്കെ 48-ാം ഓവര്‍ എറിയാനാണ് രോഹിത് എത്തിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തി രോഹിത് നെതര്‍ലന്‍ഡ്‌സിനെ ഓള്‍ഔട്ടാക്കി. വെറും അഞ്ച് ബോളില്‍ ഏഴ് റണ്‍സ് വഴങ്ങിയാണ് രോഹിത് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 2012 ലാണ് രോഹിത് അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ വിക്കറ്റോടെ ഏകദിന കരിയറിലെ വിക്കറ്റുകളുടെ എണ്ണം 10 ആക്കി.
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരൊക്കെ പന്തെറിഞ്ഞതിനു പിന്നാലെയാണ് തന്നിലെ ബൗളറെ പരീക്ഷിക്കാന്‍ രോഹിത് ശ്രമിച്ചത്. ആറാം ബൗളര്‍ ഓപ്ഷന് പകരം ഇപ്പോള്‍ തങ്ങള്‍ ഒന്‍പത് ബൗളര്‍ ഓപ്ഷന്‍ ഉണ്ടെന്നാണ് രോഹിത് പറയുന്നത്. നോക്കൗട്ട് മത്സരങ്ങളിലും വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ രോഹിത് പാര്‍ട് ടൈം ബൗളേഴ്‌സ് ആയി ഉപയോഗിച്ചേക്കും.