അഭിറാം മനോഹർ|
Last Modified ശനി, 27 മെയ് 2023 (09:22 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിര്‍ണായകമായ ക്വാളിഫയിംഗ് റൗണ്ടില്‍ പുറത്തായതിന് പിന്നാലെ തങ്ങളുടെ ബാറ്റിംഗ് നിരയെ പഴിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ. ബാറ്റിംഗിന് അനുയോജ്യമായ പിച്ചായിരുന്നു അഹമ്മദാബാദിലേതെന്നും എന്നാല്‍ ഗില്‍ ഗുജറാത്തിന് ബാറ്റ് ചെയ്തത് പോലെ ദീര്‍ഘനേരം പിടിച്ചുനില്‍ക്കാന്‍ ഒരു മുംബൈ താരത്തിനും സാധിക്കാത്തത് തിരിച്ചടിയായെന്നും മുംബൈ നായകന്‍ പറഞ്ഞു.
ഗില്‍ ഇന്ന് വളരെ നന്നായി ബാറ്റ് ചെയ്തു. ഈ ഫോം അദ്ദേഹം ഇന്ത്യക്കായും തുടരണമെന്നാണ് ആഗ്രഹമെന്ന് രോഹിത് പറഞ്ഞു. ജൂണ്‍ ഏഴിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കൂടെ നടക്കുന്ന സാഹചര്യത്തിലാണ് രോഹിത്തിന്റെ പരാമര്‍ശം. സൂര്യകുമാറും കാമറൂണ്‍ ഗ്രീനും മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും എന്നാല്‍ ഇന്നിങ്ങ്‌സുകള്‍ നീട്ടികൊണ്ടുപോകാന്‍ ഇവര്‍ക്കായില്ലെന്നും രോഹിത് പറയുന്നു. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. ചില നല്ല യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് കാണാനായി.ബൗളിംഗില്‍ മികവ് കാണിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ക്ക് മാത്രമല്ല ഈ ഐപിഎല്ലില്‍ എല്ലാവര്‍ക്കും തന്നെ ബൗളിംഗ് പ്രയാസകരമായിരുന്നു. രോഹിത് കൂട്ടിച്ചേര്‍ത്തു.