രേണുക വേണു|
Last Modified വെള്ളി, 26 മെയ് 2023 (21:13 IST)
Shubman Gill: ശുഭ്മാന്‍ ഗില്‍ വീണ്ടും കൊടുങ്കാറ്റായി. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഗില്ലിന്റെ സെഞ്ചുറി. 49 പന്തില്‍ നിന്ന് എട്ട് സിക്‌സും നാല് ഫോറും സഹിതമാണ് ഗില്‍ സെഞ്ചുറി നേടിയത്. ഈ സീസണിലെ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്. വ്യക്തിഗത സ്‌കോര്‍ 31 ല്‍ നില്‍ക്കെ ടിം ഡേവിഡ് ഗില്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഗുജറാത്ത് 14.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയിട്ടുണ്ട്.
32 പന്തില്‍ നിന്നാണ് ഗില്‍ ഫിഫ്റ്റി നേടിയത്. അടുത്ത 50 റണ്‍സ് നേടാന്‍ ഗില്ലിന് വേണ്ടി വന്നത് വെറും 17 പന്തുകള്‍ മാത്രം. തുടക്കം മുതല്‍ വളരെ കരുതലോടെയാണ് ഗില്‍ ബാറ്റ് ചെയ്തത്. ടീം ടോട്ടല്‍ 100 കടന്നതോടെ ഗില്‍ മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. മുംബൈയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം ഗില്ലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
അതേസമയം, ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.