ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ ഇന്ത്യന്‍ തോല്‍വിക്ക് കാരണം കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളെന്ന് മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. ടീം 214 എന്ന വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമിലെ മികച്ച ബാറ്റര്‍മാരെയാണ് മുന്‍നിരയില്‍ ഇറക്കേണ്ടതെന്ന് മത്സരശേഷം ഉത്തപ്പ പറഞ്ഞു. മത്സരത്തില്‍ ഗില്‍ പുറത്തായതിന് പിന്നാലെ അക്ഷര്‍ പട്ടേലായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ ഗംഭീര്‍ വരുത്തിയ ഈ മാറ്റത്തെയാണ് ഉത്തപ്പ വിമര്‍ശിച്ചത്.
ഓപ്പണര്‍മാരൊഴികെ മറ്റെല്ലാ ബാറ്റര്‍മാരും ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഫ്‌ലെക്‌സിബിള്‍ ആകണമെന്നാണ് ഗംഭീര്‍ പറയുന്നത്. എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെ പറയട്ടെ ഗംഭീറിന്റെ ഈ നിലപാടിനോട് എനിക്ക് യോജിപ്പില്ല. കാരണം വലിയൊരു സ്‌കോര്‍ പിന്തുടരുമ്പോള്‍ ടീമിലെ മികച്ച ബാറ്റര്‍മാരാകണം ക്രീസിലെത്തേണ്ടത്. അക്ഷര്‍ പട്ടേലിന്റെ റോള്‍ പിഞ്ച് ഹിറ്റിങ്ങാണെങ്കില്‍ ആ റോളാണ് ചെയ്യേണ്ടിയിരുന്നത് അല്ലാതെ 21 പന്തില്‍ 21 റണ്‍സെടുക്കുന്നതല്ല. ഉത്തപ്പ പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള സമയമായിരുന്നില്ല ഇന്നലത്തേതെന്നും മൂന്നാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ ബാറ്റിങ്ങിനയച്ചത് വലിയ അബദ്ധമാണെന്നും ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു. തുടക്കത്തില്‍ അഭിഷേകാണ് പുറത്തായതെങ്കില്‍ ഇടം കൈ - വലം കൈ കോമ്പിനേഷന് വേണ്ടിയാണ് അയച്ചതെന്ന് പറയാമായിരുന്നു. ലോകകപ്പിന് മുന്‍പ് ആരൊക്കെ ടോപ് ത്രിയില്‍ ഇറങ്ങുമെന്നെങ്കിലും ഗംഭീറും സൂര്യയും തമ്മില്‍ തീരുമാനിക്കണമെന്നും ഉത്തപ്പയും സ്റ്റെയ്‌നും പറഞ്ഞു. ടീമിന് ഫ്‌ലെക്‌സിബിലിറ്റി വേണം. എന്നാലത് ശക്തമായ ഒരു അടിത്തറയില്‍ നിന്നാകണമെന്നും കളിക്കാര്‍ക്ക് അവരുടെ റോളുകള്‍ അറിയില്ലെങ്കില്‍ മികച്ച പ്രകടനം നടത്താനാവില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.