രേണുക വേണു|
Last Modified വെള്ളി, 12 നവംബര്‍ 2021 (09:54 IST)
പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ടി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനു ഇറങ്ങിയത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ച്. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനു തലേന്ന് വരെ റിസ്വാന്‍ ഐസിയു കിടക്കയിലായിരുന്നു. നെഞ്ചിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് റിസ്വാനെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായിലെ ഐസിയു കിടക്കയില്‍ റിസ്വാന്‍ കിടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റെങ്കിലും റിസ്വാന്റെ പോരാട്ടവീര്യത്തിനു കൈയടിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയും റിസ്വാന് കൈയടിച്ചു. 'പോരാളി റിസ്വാന്‍' എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പാക്കിസ്ഥാന്‍ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
'നവംബര്‍ ഒന്‍പതിനാണ് റിസ്വാന് ഗുരുതരമായ രീതിയില്‍ നെഞ്ചില്‍ അണുബാധ കണ്ടെത്തിയത്. രണ്ട് രാത്രികള്‍ അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. സെമി ഫൈനല്‍ മത്സരത്തിനു മുന്‍പ് അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഫിറ്റ്‌നെസ് വീണ്ടെടുത്തു,' പാക്കിസ്ഥാന്‍ ടീം ഡോക്ടര്‍ നജീബ് സൂമ്രോ പറഞ്ഞു.
സെമി ഫൈനല്‍ മത്സരം നടന്ന വ്യാഴാഴ്ച രാവിലെയാണ് റിസ്വാന്‍ ആശുപത്രി വിട്ടത്.