'ഒരു മണിക്കൂര്‍ യാത്ര ചെയ്ത് പുലര്‍ച്ചെ മൂന്നരയ്ക്ക് എന്റെ വീട്ടിലെത്തി, വാതിലില്‍ മുട്ടി'; പന്ത് അന്ന് ചെയ്തത്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (13:12 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ കളിക്കാരനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. കരിയറിന്റെ തുടക്കകാലത്ത് അശ്രദ്ധയോടെ ബാറ്റ് ചെയ്യുന്നു എന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരം കൂടിയാണ് പന്ത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയുടെ ഭാവി താരമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പോലും പന്തിനെ വിലയിരുത്തുന്നത്. പന്തിനെ ലോകമറിയുന്ന ക്രിക്കറ്റ് താരമാക്കിയതില്‍ ബാല്യകാല പരിശീലകന്‍ തരക് സിന്‍ഹയ്ക്ക് വലിയ റോളുണ്ട്. ഒരിക്കല്‍ പന്ത് പുലര്‍ച്ചെ മൂന്നരയ്ക്ക് തന്റെ വീട്ടിലെത്തി തന്നോട് മാപ്പ് ചോദിച്ച സംഭവം വിവരിക്കുകയാണ് തരക് സിന്‍ഹ.

ബാല്യകാലത്ത് ക്രിക്കറ്റ് പഠിക്കാനെത്തിയ അക്കാദമിയിലെ പരിശീലകനായിരുന്നു സിന്‍ഹ. ഒരുദിവസം ക്രിക്കറ്റ് പരിശീലനത്തിനിടെ സിന്‍ഹ പന്തിനെ ശാസിച്ചു. പിറ്റേന്ന് പുലര്‍ച്ചെ 3.30 ന് ഒരു മണിക്കൂറോളം യാത്ര ചെയ്ത് പന്ത് തന്റെ വീട്ടിലെത്തിയെന്നും മാപ്പ് ചോദിച്ചെന്നും സിന്‍ഹ പറയുന്നു.

'ഒരു ദിവസം ഞാന്‍ പന്തിനെ കുറേ ചീത്ത പറഞ്ഞു. പരിശീലനത്തിനിടെയാണ് സംഭവം. ആ രാത്രി അദ്ദേഹത്തിനു ഉറങ്ങാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം പുലര്‍ച്ചെ 3.30 ന് എന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി. എന്നോട് മാപ്പ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് പന്ത് ആ സമയത്ത് വീട്ടിലെത്തിയത്. എന്നെ വിഷമിപ്പിച്ചതുകൊണ്ട് രാത്രി ഉറങ്ങാന്‍ സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. പന്തിനെ ബുദ്ധിമുട്ടിച്ചെന്ന് പറഞ്ഞ് അന്ന് എന്റെ വീട്ടുകാര്‍ പോലും എന്നോട് വഴക്കിട്ടു,' സിന്‍ഹ പറഞ്ഞു.

പന്തിനെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിനോടും സിന്‍ഹ പ്രതികരിച്ചു. അങ്ങനെ പറയാറായോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ പന്ത് ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് സിന്‍ഹയുടെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :