Leeds|
രേണുക വേണു|
Last Modified ചൊവ്വ, 24 ജൂണ്‍ 2025 (10:22 IST)
Rishabh Pant - Sunil Gavaskar: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനെന്നു ആവര്‍ത്തിക്കുകയാണ് റിഷഭ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ 178 പന്തില്‍ 134 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 140 പന്തില്‍ നിന്ന് 118 റണ്‍സ് അടിച്ചെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷമുള്ള റിഷഭ് പന്തിന്റെ ആഘോഷപ്രകടനം ഏറെ വൈറലായിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി സെഞ്ചുറി നേടിയ ശേഷം 'തലകുത്തി' മറിഞ്ഞാണ് പന്ത് ആഘോഷിച്ചത്. സമാന രീതിയില്‍ തന്നെയായിരുന്നു ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷമുള്ള പന്തിന്റെ ആഘോഷപ്രകടനം. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച ശേഷം ഇതേ ആഘോഷപ്രകടനത്തിനായി ആരാധകര്‍ കാത്തിരുന്നെങ്കിലും പന്ത് നിരാശപ്പെടുത്തി. വളരെ സിംപിള്‍ സെലിബ്രേഷനായിരുന്നു ഇത്തവണ പന്തിന്റേത്.
അതേസമയം ഗാലറിയില്‍ നിന്ന് ഇന്ത്യയുടെ മുന്‍താരം സുനില്‍ ഗവാസ്‌കര്‍ പന്തിനോടു തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു. സെഞ്ചുറി നേടിയ പന്ത് തന്നെ നോക്കിയപ്പോള്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ച് തലകുത്തി മറിഞ്ഞുള്ള സെലിബ്രേഷന്‍ നടത്താനാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പന്ത് 'പിന്നീടാവാം' എന്ന് തിരിച്ച് ആംഗ്യം കാണിക്കുകയായിരുന്നു.
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റിഷഭ് പന്ത് മോശം ഷോട്ടില്‍ പുറത്തായപ്പോള്‍ സുനില്‍ ഗവാസ്‌കര്‍ വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്ന് 'സ്റ്റുപ്പിഡ് സ്റ്റുപ്പിഡ് സ്റ്റുപ്പിഡ്' എന്നാണ് ഗവാസ്‌കര്‍ റിഷഭ് പന്തിനെ കമന്ററി ബോക്‌സില്‍ ഇരുന്ന് പരിഹസിച്ചത്. ഇപ്പോള്‍ റിഷഭ് പന്തിനെ ഗവാസ്‌കര്‍ വലിയ രീതിയില്‍ പ്രശംസിക്കുമ്പോള്‍ പന്തിന്റെ ആരാധകര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഓര്‍മപ്പെടുത്തുകയാണ്.