റിങ്കു ആഘോഷം വെറുതെയായി, ഇന്ത്യ വിജയിച്ചത് അവസാന ബോൾ സിക്സോടെയല്ല, അതിന് മുൻപേ വിജയമുറപ്പിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (10:16 IST)
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പ് ഫൈനലിന് പിന്നാലെ ഓസീസിനെതിരെ നടന്ന മത്സരത്തില്‍ ഓസീസ് നേടിയ 208 റണ്‍സ് ഇന്ത്യ 19.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

42 പന്തില്‍ 80 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവും 39 പന്തില്‍ 58 റണ്‍സുമായി ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍ തിളങ്ങി. 14 പന്തില്‍ 22 റണ്‍സുമായി മത്സരത്തിന്റെ അവസാനം വരെ നിലയുറപ്പിച്ച റിങ്കു സിംഗാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. അവസാന പന്തില്‍ റിങ്കു നേടിയ സിക്‌സോടെയായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ ഈ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചതോടെ സിക്‌സിന് മുന്‍പ് തന്നെ ഇന്ത്യ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇതോടെ അവസാനപന്തില്‍ സിക്‌സറടിപ്പിച്ച് വിജയിക്കുക എന്ന നേട്ടമാണ് റിങ്കുവിന് നഷ്ടമായത്. എങ്കിലും റിങ്കുവിന്റെ ഹീറോയിസത്തെ പുകഴ്ത്തുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. നേരത്തെയും ഫിനിഷിംഗ് മികവ് കൊണ്ട് റിങ്കു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരെ അവസാന ഓവറിലേക്ക് കളിയെത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നാണ് മത്സരശേഷം റിങ്കു സിംഗ് പ്രതികരിച്ചത്. റിങ്കുവിലൂടെ ഇന്ത്യ പുതിയ ഫിനിഷറെ കണ്ടെത്തിയെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :