ടി20 ലോകകപ്പ്, കോലിയെ കാത്ത് വമ്പൻ റെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:48 IST)
ടി20 ലോകകപ്പ് അടുക്കും തോറും ഇന്ത്യയ്ക്ക് ഏറ്റവും ആശങ്കയുണ്ടായിരുന്നത് സൂപ്പർ താരം വിരാട് കോലിയുടെ മോശം ഫോമായിരുന്നു. എന്നാൽ നിർണായകമായ സമയത്ത് ഏഷ്യാക്കപ്പിലെ വമ്പൻ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്താൻ കോലിക്കായി. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഏറെ ഉയർത്താൻ ഇത് കാരണമായിട്ടുണ്ട്.

ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രമിരിക്കെ ഇത്തവണത്തെ ലോകകപ്പിൽ നിരവധി നേട്ടങ്ങളാണ് കോലിയെ കാത്തിരിക്കുന്നത്. നിലവിൽ 109 ടി20 മത്സരങ്ങളിൽ നിന്നും 3712 റൺസുമായി ടി20യിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് കോലി. 142 മത്സരങ്ങളിൽ നിന്നും 3737 റൺസുമായി ഇന്ത്യയുടെ തന്നെ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്.

ടി20യിൽ നിലവിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ മൂന്നാമത് താരമാണ് കോലി. 331 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. 344 ബൗണ്ടറികളുമായി അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 337 ബൗണ്ടറികളാണുള്ളത്. ഓസീസിൽ 11 ടി20കളീൽ നിന്നും 64.42 ശരാശരിയിൽ 451 റൺസ് കോലി നേടിയിട്ടുണ്ട്. ഓസീസിലെ
ബാറ്റിങ് ശരാശരിയിൽ നാലാമതാണ് താരം.

പാകിസ്താന്റെ ഇഫ്തിഖാര്‍ അഹമ്മദ്, ശ്രീലങ്കയുടെ അസേല ഗുണരത്‌നെ, സൗത്താഫ്രിക്കയുടെ ജെപി ഡുമിനി എന്നിവര്‍ക്കാണ് കോലിയേക്കാള്‍ മികച്ച ശരാശരി ഓസീസിലുള്ളത്. ഇതിൽ ഇഫ്തിഖറിനെ പിന്തള്ളി പുതിയ റെക്കോർഡിടാൻ ഈ ലോകകപ്പിൽ കോലിക്ക് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :