Ravichandran Ashwin: ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള അശ്വിന്‍ പുറത്ത്; ഓവലില്‍ പണി കിട്ടുമോ എന്ന് ആശങ്കപ്പെട്ട് ആരാധകര്‍

ജഡേജയോ അശ്വിനോ എന്ന ചോദ്യത്തിനുള്ള ഉത്തരം ടോസിന് തൊട്ടുമുന്‍പാണ് ഇന്ത്യ കണ്ടെത്തിയത്

രേണുക വേണു| Last Modified ബുധന്‍, 7 ജൂണ്‍ 2023 (15:14 IST)

Ravichandran Ashwin: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിച്ചു. ഇന്ത്യക്ക് കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. നാല് പേസര്‍മാരും ഒരു സ്പിന്നറുമായി കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ച് ആയതിനാലാണ് നാല് പേസര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്ര ജഡേജയാണ് സ്പിന്നര്‍.

ജഡേജയോ അശ്വിനോ എന്ന ചോദ്യത്തിനുള്ള ഉത്തരം ടോസിന് തൊട്ടുമുന്‍പാണ് ഇന്ത്യ കണ്ടെത്തിയത്. ഇടംകൈയന്‍ ആണെന്നതും സമീപകാലത്ത് ബാറ്റിങ്ങില്‍ മികച്ച ഫോമില്‍ ആണെന്നതും ജഡേജയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. അശ്വിനെ പുറത്തിരുത്താനുള്ള തീരുമാനം ഏറെ കഷ്ടപ്പെട്ടാണ് എടുത്തതെന്നാണ് ടോസിങ് സമയത്ത് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

അതേസമയം അശ്വിനെ ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനം മണ്ടത്തരമായെന്നാണ് ആരാധകരുടെ അഭിപ്രായം. ടെസ്റ്റില്‍ മോശമല്ലാതെ ബാറ്റ് ചെയ്യുന്ന അശ്വിന്‍ ഓസീസ് ബാറ്റര്‍മാര്‍ക്കെതിരെ മികച്ച ബൗളിങ് റെക്കോര്‍ഡ് ഉള്ള താരം കൂടിയാണ്. എന്നിട്ടും അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം.

നാലാം ദിവസം മുതല്‍ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ട്. വാര്‍ണര്‍, ഖവാജ, അലക്‌സ് ക്യാരി, ട്രാവിസ് ഹെഡ് എന്നിങ്ങനെ ഓസ്‌ട്രേലിയയുടെ മുന്‍നിരയില്‍ നാല് ഇടംകയ്യന്‍ ബാറ്റര്‍മാരുണ്ട്. ഇടംകയ്യന്‍മാര്‍ക്കെതിരെ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിയും. മാത്രമല്ല ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സ്റ്റീവ് സ്മിത്തിനെ 11 തവണ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. ഈ കണക്കുകളെല്ലാം മുന്നില്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് അശ്വിനെ ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :