അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (22:40 IST)
നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 കളിക്കാരിൽ ഒരാളാണ് അഫ്ഗാനിസ്ഥാൻ സ്പിന്നറായ റാഷിദ് ഖാൻ. അഫ്‌ഗാൻ ടീമിലും ബിഗ് ബാഷ്,
ഐപിഎൽ തുടങ്ങിയ ഫ്രാഞ്ചൈസി ലീഗുകളിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെയ്ക്കുന്നത്. ഇപ്പോഴിതാ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്മാർ ആരെന്ന് വിലയിരുത്തുകയാണ് താരം.
ന്യൂസിലന്‍ഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോ താരങ്ങളും ഇന്ത്യയില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. റാഷിദിന്‍റെ പട്ടികയിലുള്ളത്. ഇന്ത്യൻ നായകനായ വിരാട് കോലിയാണ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്.
ഐപിഎല്ലിൽ സൺറൈസേഴ്‌സ് നായകനായ കെയ്‌ൻ വില്യംസണിനെയാണ് റാഷിദ് രണ്ടാമതായി തിരെഞ്ഞെടുത്തിരിക്കുന്നത്. 31 റണ്‍സ് ശരാശരിയില്‍ 125 പ്രഹരശേഷിയില്‍ 1805 റണ്‍സാണ് ടി20യില്‍ വില്യംസണിന്‍റെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ മൂന്നാമത്തെ താരം. ഏത് തരം ഷോട്ടുകളും കളിക്കാൻ ഡിവില്ലിയേഴ്‌സിനാകുമെന്നാണ് റാഷിദ് ഇതിന് കാരണമായി പറയുന്നത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നെടുന്തൂണായ വിൻഡീസ് താരം കിറോൺ പൊള്ളാർഡാണ് പട്ടികയിലെ നാലാമൻ. അവസാന നാലോ അഞ്ചോ ഓവറില്‍ 80-90 റണ്‍സടിക്കണമെങ്കില്‍ പൊള്ളാര്‍ഡിനെപ്പോലൊരു ബാറ്റര്‍ക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.അതേസമയം ഇന്ത്യൻ ടീമിൽ മോശം ഫോമിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന ഹാർദ്ദിക് പാണ്ഡ്യയാണ് റാഷിദിന്റെ പട്ടികയിലെ അഞ്ചാമത് താരം.
സ്ലോഗ് ഓവറുകളില്‍ റണ്‍ചേസായാലും റണ്‍സടിച്ചുകൂട്ടാനായാലും പാണ്ഡ്യക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.