രഹാനെയ്ക്കും പുജാരയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല; ഇരുവരും വിരമിക്കലിനെ കുറിച്ച് ആലോചിച്ചേക്കും

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (16:08 IST)

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും കൃത്യമായ സന്ദേശമാണ് ബിസിസിഐയും സെലക്ടര്‍മാരും നല്‍കിയിരിക്കുന്നത്. സീനിയര്‍ താരങ്ങളാണ് എന്ന പരിഗണന ഇനിയും ലഭിക്കില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഫോമില്‍ അല്ലെങ്കില്‍ മുഖം നോക്കാതെ ഏത് മുതിര്‍ന്ന താരത്തേയും പുറത്തിരുത്തുമെന്നാണ് സെലക്ടര്‍മാരും ബിസിസിഐയും നല്‍കുന്ന നിശബ്ദ സന്ദേശം.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയിലേക്ക് പരിഗണിക്കുന്നില്ലെന്ന് പുജാരയേയും രഹാനെയേയും സെലക്ടര്‍മാര്‍ നേരിട്ടു അറിയിച്ചിരുന്നു. തല്‍ക്കാലം ഇരുവരും രഞ്ജി ട്രോഫി കളിക്കട്ടെ എന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ദേശീയ ടീമിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുതന്നെ കിടക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന വാഗ്ദാനമാണ്. ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നീ പരിചയ സമ്പന്നര്‍ തുടങ്ങി അണ്ടര്‍ 19 ല്‍ ശ്രദ്ധിക്കപ്പെട്ട യുവ താരങ്ങള്‍ വരെ ടെസ്റ്റ് ക്രിക്കറ്റില്‍ അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുജാരയും രഹാനെയും ഒരു മടങ്ങിവരവ് നടത്തുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ട്. ഇരുവരും വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :