അഭിറാം മനോഹർ|
Last Updated:
വ്യാഴം, 17 ഫെബ്രുവരി 2022 (17:37 IST)
രാജ്യാന്തര ക്രിക്കറ്റിലെ തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് രഞ്ജി ട്രോഫി കളിക്കാൻ പറഞ്ഞയച്ചവർക്ക് ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിയുമായി മറുപടി നൽകി അജിങ്ക്യ രഹാനെ.മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ രഹാനെ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറിയുമായി ആദ്യദിനം വരവറിയിച്ചത്.
211 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതമാണ് രഹാനെ സെഞ്ചുറി പൂർത്തിയാക്കിയത്.രഹാനെയുടെ സെഞ്ചുറി കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 73 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ് മുംബൈ. സെഞ്ചുറിയുമായി രഹാനെ 85 റൺസുമായി സർഫറാസ് ഖാൻ എന്നിവരാണ് ക്രീസിൽ.
പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 176 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. രാജ്യാന്തരക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഒപ്പം രഞ്ജി ട്രോഫി കളിക്കാൻ അയയ്ക്കപ്പെട്ട ചേതേശ്വർ പൂജാരയെ സാക്ഷിനിർത്തിയായിരുന്നു രഹാനെയുടെ സെഞ്ചുറി.