രേണുക വേണു|
Last Modified വെള്ളി, 11 ഫെബ്രുവരി 2022 (14:37 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ ഉന്നമിട്ട് അജിങ്ക്യ രഹാനെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഐതിഹാസിക വിജയം നേടിയ 2020-21 ലെ ഓസ്‌ട്രേലിയന്‍ പരമ്പര വിജയത്തെക്കുറിച്ചാണ് രഹാനെയുടെ വെളിപ്പെടുത്തല്‍. അന്ന് കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ടീമിനെ നയിച്ചത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ശേഷം തിരിച്ചടിച്ചു പരമ്പര ജയിച്ചതില്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നെന്നും എന്നാല്‍ അതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ തട്ടിയെടുത്തെന്നും രഹാനെ ആരോപിച്ചു. രവി ശാസ്ത്രിയെ ഉന്നമിട്ടാണ് രഹാനെയുടെ പ്രതികരണം. 'ഓസ്‌ട്രേലിയയില്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. അതാരെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തി ക്രെഡിറ്റ് എടുക്കുന്ന സ്വഭാവം എനിക്കില്ല. പക്ഷേ ഫീല്‍ഡിലും ഡ്രസ്സിങ് റൂമിലും ഞാന്‍ എടുത്ത തീരുമാനങ്ങളുടെ ക്രെഡിറ്റ് മറ്റൊരാള്‍ സ്വന്തമാക്കി എന്നതു സത്യമാണ്,' രഹാനെ പറഞ്ഞു.
'അന്നത്തെ പരമ്പര വിജയത്തിനു ശേഷം 'അതെന്റെ തീരുമാനമായിരുന്നു' 'അതു ഞാന്‍ പറഞ്ഞിട്ടു ചെയ്തതാണ്' എന്നു ചിലര്‍ അവകാശപ്പെടുന്നത് മാധ്യമങ്ങളിലൂടെ കേട്ടു. പക്ഷേ ഓസ്‌ട്രേലിയയില്‍ നടന്ന യാഥാര്‍ഥ്യം എനിക്കറിയാം. ഞാനതു തിരുത്താനൊന്നും പോയില്ലെന്നു മാത്രം,' രഹാനെ പറഞ്ഞു.